ചാത്തന്നൂർ: കിണർ വൃത്തിയാക്കി കോൺക്രീറ്റ് തൊടിയിറക്കുന്നതിനിടെ തൊടികൾ ഇടിഞ്ഞു വീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് കിണറിന് സമാന്തരമായി കുഴിയെടുക്കൽ നടന്നു വരികയാണ്. ഇതിനിടെ സമാന്തരമായി കുഴിച്ച കുഴിയിൽ പാറ കണ്ടെത്തിയതിനെത്തുടർന്ന് ചവറയിൽ നിന്ന് യന്ത്രങ്ങളെത്തിച്ച് പാറ പൊട്ടിക്കാനുള്ള ശ്രമം തുടരുകയാണ്.
എഴുപതടിയോളം താഴ്ചയുള്ളതാണ് കിണർ. പോലീസും ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
നെടുമ്പന മുട്ടയ്ക്കാവ് പാകിസ്താൻ മുക്ക് പിറവന്തലഴികത്തു വീട്ടിൽ സുധീറാ(28)ണ് കിണറ്റിൽ അകപ്പെട്ടിരിക്കുന്നത്. ആദിച്ചനല്ലൂർ തഴുത്തല പുഞ്ചിരി ചിറയിൽ, കണ്ണനല്ലൂർ സ്വദേശി ബൻസിലി വാടകയ്ക്ക് നല്കിയിട്ടുള്ള വീട്ടിലെ കിണറ്റിൽ തൊടിയിറക്കുമ്പോഴാണ് അപകടം.
കിണറുപണി കരാറെടുത്ത മുട്ടയ്ക്കാവ് സ്വദേശി അമീർ, നൗഷാദ്, ഷാനവാസ്, സാബു എന്നിവരോടൊപ്പം ജോലി ചെയ്യുകയായിരുന്നു സുധീർ. കിണറ്റിൽ തൊടി ഇറക്കവേയായിരുന്നു കിണർ ഇടിഞ്ഞത്. സുധീർ കിണറ്റിനുള്ളിലും മറ്റുള്ളവർ മുകളിലുമായി നിൽക്കുകയായിരുന്നു.
ഏതാനും തൊടികൾ ഇറക്കി കഴിഞ്ഞപ്പോഴാണ് തൊടി ഇടിഞ്ഞത്.കിണർ ഇടിയുന്നത് കണ്ട മറ്റ് ജോലിക്കാരുടെ നിർദ്ദേശപ്രകാരം സുധീർ മുകളിലേയ്ക്ക് കയറാൻ ശ്രമിച്ചെങ്കിലും കിണറ്റിനുള്ളിൽ അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മണികണ്ഠൻ കിണറ്റിലിറങ്ങാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പോലീസും ഫയർഫോഴ്സുംരക്ഷാപ്രവർത്തനത്തിനെത്തുകയുമായിരുന്നു.
രണ്ട് മാസം മുമ്പ് ഈ കിണർ വൃത്തിയാക്കിയെങ്കിലും വെള്ളം കുറഞ്ഞതിനാൽ വീണ്ടും പണി നടത്തുകയായിരുന്നു. അന്നും കരാർ എടുത്തിരുന്നത് ഇതേ തൊഴിലാളികളായിരുന്നു.
നാല് വലിപ്പത്തിലുള്ള തൊടികളാണ് കിണറ്റിൽ ഇറക്കിയിരുന്നത്. ഇപ്പോൾ ചെളി കോരി മാറ്റി വീണ്ടും തൊടികൾ ഇറക്കുകയായിരുന്നു. ഇറക്കിയ തൊടികളിൽ മെറ്റലിട്ട് ഉറപ്പിക്കുകയായിരുന്നു കിണറ്റിനുള്ളിലായിരുന്ന സുധീർ. മെറ്റലിട്ട ശേഷം മുകളിലേയ്ക്ക് കയറാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.