ചങ്ങനാശേരി: ചങ്ങനാശേരി ബസ് സ്റ്റാൻഡിൽ സുപരിചിതനായ മൂലമുറി ജോബി മാത്യു(കൊച്ചുചെറുക്കൻ)വിന്റെയും ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള പയാസ് ഹോട്ടൽ ജീവനക്കാരൻ വെസ്റ്റ് ബംഗാൾ സ്വദേശി വിജയ് ഒറോണയുടെയും ദാരുണാന്ത്യം നഗരത്തിന് ദുഃഖമായി.
ചങ്ങനാശേരി പഴയ സ്റ്റാൻഡിനു സമീപത്തെ പയാസ് ഹോട്ടലിനോടു ചേർന്നുള്ള കിണറ്റിലെ മോട്ടോർ തകരാർ പരിഹിക്കുന്നതിനിടയിൽ മാടപ്പള്ളി മോസ്കോ സ്വദേശിയായ ജോബി മാത്യു കുഴഞ്ഞു വീഴുകയായിരുന്നു. ജോബി കിണറ്റിൽ കിടന്ന് ശ്വാസംമുട്ടി ബഹളം വയ്ക്കുന്നതുകണ്ട് ഇയാളെ രക്ഷിക്കുന്നതിനായി വിജയ് കിണറ്റിലേക്ക് ഞൊടിയിടയിൽ ഇറങ്ങുകയായിരുന്നു. ശ്വാസം കിട്ടാതെ വിജയും കിണറ്റിൽ പിടഞ്ഞുവീണു.
ശബ്ദം കേട്ട് ഓടിയെത്തിയവർ കിണറ്റിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും ഹോട്ടൽ അധികൃതർ തടഞ്ഞു നിർത്തി. ഇത് കൂടുതൽ അപകടം ഒഴിവാക്കി. തുടർന്ന് ഹോട്ടൽ അധികൃതർ ചങ്ങനാശേരി ഫയർഫോഴ്സിൽ വിവരം അറിയിച്ചു.
ഫയർഫോഴ്സ് സംഘത്തിലെ ഡ്രൈവർ എഫ്.റ്റി.ഷിബു കിണറ്റിലിറങ്ങി ജോബിയെയും വിജയിനെയും വലയിൽ കയറ്റി ഉയർത്താൻ ശ്രമിക്കുന്നതിനിടയിൽ ഷിബുവിന് ശ്വാസംമുട്ടലനുഭവപ്പെട്ട് കുഴഞ്ഞുവീണു. തുടർന്ന് കിണറ്റിലിറങ്ങിയ ഫയർമാൻ നോബിനും ശ്വാസംമുട്ടലനുഭവപ്പെട്ടു.
ഓക്സിജൻ മാസ്ക് അടക്കം ധരിച്ച് ഫയർ സംഘത്തിലെ മറ്റുള്ളവർ നാലുപേരെയും രക്ഷിക്കുകയായിരുന്നു. പൂച്ചകൾ ചത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഒരാഴ്ചമുന്പ് ഒരാൾ ഇറങ്ങി ഈ കിണർ വൃത്തിയാക്കിയിരുന്നു. അന്ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നില്ല.
അപകടം അന്പതടിലിലേറെ താഴ്ചയുള്ള കിണറ്റിൽ
ചങ്ങനാശേരി: അന്പതടിയിലേറെ ആഴമുള്ള കിണറ്റിൽ വായു ലഭ്യമാകാത്തതാണ് രണ്ടു യുവാക്കളുടെ ദാരുണ മരണത്തിനു കാരണമായി ഫയർ ഫോഴ്സ് ചൂണ്ടിക്കാട്ടുന്നത്. കാലപ്പഴക്കം ചെന്നതും ഉപയോഗശൂന്യമായതുമായ കിണറായതിനാൽ വിഷദ്രാവകങ്ങൾ അടങ്ങിയിട്ടുണ്ടാകാമെന്നും ഇത് ഓക്സിജൻ ലഭിക്കുന്നതിന് തടസമാകാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഓക്സിജൻ ഇല്ലാത്ത കിണറ്റിൽ ഇറങ്ങുന്പോൾ കൃത്യമായ മുൻകരുതൽ എടുക്കണമെന്ന് നിർദേശം അവഗണിച്ചതും അപകടത്തിനു കാരണമായി. ആഴമുള്ള കിണറുകൾ വൃത്തിയാക്കാൻ ഇറങ്ങുന്പോൾ തീ കത്തിച്ച് കിണറ്റിനുള്ളിലേക്ക് ഇട്ട ശേഷം ഓക്സിജന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നാണ് നിബന്ധന. ഒരു മാസം മുന്പ് പയാസ് ഹോട്ടലിൽ തീപിടിച്ച് വൻനാശം സംഭവിച്ചിരുന്നു. ഫയർഫോഴ്സിന് മുങ്ങലിന് ആവശ്യമായ ഉപകരണങ്ങളില്ലാത്തത് രക്ഷാ പ്രവർത്തനത്തെ ബാധിക്കുന്നതായി പരാതിയുണ്ട്.