ഏറ്റുമാനൂര്‍: ജിനുവിന്റെ ധൈര്യം ലെവിന്‍ പുതുജീവനായി. കിണറ്റില്‍ വീണ മൂന്നാം ക്ലാസുകാരനെ സമീപവാസിയായ ചെറുപ്പക്കാരന് സാഹസികമായാണ് രക്ഷപ്പെടുത്തിയത്.
നീണ്ടൂര്‍ പഞ്ചായത്തിലെ ഓണംതുരുത്തിലാണ് സംഭവം. ഓണംതുരുത്ത് വാസ്കോ ജംഗ്ഷന് സമീപം കോതാട്ട് ഭാഗത്ത് താമസിക്കുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ലെവിന്‍ ഷൈജു സ്കൂളില്‍നിന്ന് വീടിന്റെ പിന്‍വശത്തുള്ള എളുപ്പ വഴിയിലൂടെ വീട്ടിലേക്ക് വരുമ്പോള്‍ പൊട്ടക്കിണറ്റില്‍ കാല് വഴുതി വീഴുകയായിരുന്നു.
ശബ്ദം കേട്ട് സമീപവാസികള്‍ ഓടിക്കൂടിയെങ്കിലും ആഴമേറിയ കിണറിനു മുന്നില്‍ അവര്‍ക്ക് നിസഹായരായി നില്‍ക്കാനേ സാധിച്ചുള്ളു.
ഈ സമയം അവിടെയെത്തിയ ജിനു സമയം അല്പംപോലും നഷ്ടപ്പെടുത്താതെ കല്‍ക്കെട്ടില്ലാത്ത കിണറ്റില്‍ വടം കെട്ടി ഇറങ്ങുകയും ലെവിനെ നാട്ടുകാരുടെ സഹായത്തോടെ രക്ഷിക്കുകയുമായിരുന്നു.