ചാരുംമൂട്: കിണറിനുള്ളിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനിറങ്ങിയ സുഹൃത്ത് ശ്വാസം മുട്ടി മരിച്ചു. കർഷകനും ചെത്തുതൊഴിലാളിയുമായ താമരക്കുളം തെക്കേമുറി തെന്നാട്ടും വിളയിൽ ബാബു(52)വാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്.
താമരക്കുളം ഇരപ്പൻപാറയ് ക്കു സമീപമുള്ള അനിൽകുമാറിന്റെ കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. കിണർ വൃത്തിയാക്കാനിറങ്ങിയ സമീപവാസിയ സുഭാഷ് ശ്വാസതടസമുണ്ടായതോടെ നിലവിളിച്ചു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ബാബു സുഭാഷിനെ രക്ഷപ്പെടുത്താൻ കിണറ്റിൽ ഇറങ്ങുകയായിരുന്നു.
താഴെയെത്തി സുഭാഷിനെ മുകളിലേക്ക് കയറ്റാൻ ശ്രമിക്കുമ്പോൾ ശ്വാസതടസമുണ്ടായ ബാബു വെള്ളത്തിലേക്കു വീണു. ഇതുകണ്ട തൊട്ടടുത്ത വീട്ടുകാരനായ നവാസ് കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും ശ്വാസതടസം ഉണ്ടായതോടെ മുകളിലേക്കു കയറി. കയർ ഇട്ടു കൊടുത്ത് സുഭാഷിനെ കരയ്ക്ക് കയറ്റുകയും വെള്ളത്തിൽ വീണ ബാബുവിനെ രക്ഷിക്കാനും ശ്രമം നടത്തി.
അരമണിക്കൂറോളം കിണറ്റിൽ അകപ്പെട്ട ബാബുവിനെ അഗ്നിശമന സേനയെത്തിയാണ് പുറത്തെത്തിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.
കോമല്ലൂർ ഷാപ്പിലെ ചെത്തുതൊഴിലാളിയായ ബാബു മികച്ച കർഷകൻ കൂടിയാണ്. ഭരണിക്കാവ് പഞ്ചായത്തിൽ ബാബു നടത്തിയ പടവല കൃഷിയുടെ വിളവെടുപ്പ് ഉത്സവം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ദീപയാണ് ഭാര്യ, മക്കൾ: ഗൗരിനന്ദ, ദേവിനന്ദ.