വെള്ളിലാപ്പിള്ളി: കിണറ്റിലിറങ്ങിയ യുവാക്കള്‍ ശ്വാസം കിട്ടാതെ ബോധരഹിതരായി. ഫാന്‍ കിണറ്റില്‍ ഇറക്കി വായുസഞ്ചാരം എത്തിച്ചതോടെ ഇവര്‍ അസ്വസ്ഥതയില്‍ നിന്ന് മോചിതരാകുകയും പരിസരവാസികള്‍ ചേര്‍ന്ന് ഇവരെ വടം കെട്ടി പുറത്തെത്തിക്കുകയും ചെയ്തു.
ഇന്നലെ ഉച്ചയോടെ വെള്ളിലാപ്പിള്ളി കുന്നേല്‍ പ്രവീണിന്റെ വീട്ടിലെ കിണറ്റിലായിരുന്നു സംഭവം. മോട്ടോറിലൂടെ വെള്ളം വരാത്തതിനെത്തുടര്‍ന്ന് പരിശോധിക്കാനായി പ്രവീണിന്റെ ബന്ധു കൂടിയായ കുളത്തൂപ്പുഴ നെല്ലിമൂട് മംഗലത്ത് പുത്തന്‍വീട് ഹരികൃഷ്ണന് (20) ആണ് ആദ്യം കിണറ്റില്‍ ഇറങ്ങിയത്.
ഇയാള്‍ ശ്വാസം കിട്ടാതെ കിണറ്റില്‍ അകപ്പെട്ടതോടെ ബന്ധുക്കള്‍ ബഹളം വച്ചു. ഇതു കേട്ട് അയല്‍വീട്ടില്‍ പണിക്കെത്തിയ പുറപ്പുഴ കിഴക്കേക്കര ശ്രീകുമാര്‍ (38) കിണറ്റിലിറങ്ങുകയായിരുന്നു. ഇയാള്‍ക്കും ബോധക്ഷയം ഉണ്ടായതോടെ ഇവരെ രക്ഷിക്കാനായി വെള്ളിലാപ്പിള്ളി വിജേഷ് (28) കിണറ്റിലിറങ്ങി.
ഇതിനിടെ ഇതുവഴി പോയ സ്പെഷല്‍ ബ്രാഞ്ച് എഎസ്ഐ അനില്‍കുമാര്‍ വിവരം അറിയുകയും ഉടന്‍ പാലാ ഫയര്‍ഫോഴ്സിലും രാമപുരം പോലീസിലും വിവരം അറിയിക്കുകയുമായിരുന്നു. നാട്ടുകാര്‍ തീ കത്തിച്ചിറക്കിയും രക്ഷാപ്രവർത്തനം നടത്തി. ഇതിനിടെ പാലാ ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. അസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്നു പേരേയും പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കുകയും പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വിട്ടയയ്ക്കുകയും ചെയ്തു.