സ്വന്തം ലേഖകൻ
അത്താണി: (തൃശൂർ) പ്രളയത്തിലുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ ആണ്ടുപോയ 19 ജീവിതങ്ങളുടെ ഓർമയ്ക്കായി കുറാഞ്ചേരിയിൽ ബസ് സ്റ്റോപ്പും കിണറും.
കുട്ടികളടക്കം പത്തൊന്പതു പേർ ഉരുൾപൊട്ടലിൽ മരണമടഞ്ഞ 2018 ഓഗസ്റ്റ് 16ന്റെ ഓർമകൾ വീണ്ടും വന്നണയുന്പോൾ അന്നു പൊലിഞ്ഞവരുടെ സ്മരണക്കായാണ് ബസ് സ്റ്റോപ്പും കിണറും നിർമിച്ചിരിക്കുന്നത്.
പ്രകൃതി സുന്ദരവും ശാന്തവുമായിരുന്ന കുറാഞ്ചേരിയുടെ കുന്നിനു താഴെ ചെറുതും വലുതുമായ പത്തോളം വീടുകളുണ്ടായിരുന്നു. കുറാഞ്ചേരിക്കാരുടെ പ്രിയപ്പെട്ട ചാച്ചന്േറയും മോഹനേട്ടന്റെയും കടകൾ ഇവിടെയായിരുന്നു.
ഉരുൾപൊട്ടിയെത്തിയ മണ്ണിനടിയിൽ തങ്ങളുടെ പ്രിയപ്പെട്ടവർ ഇല്ലാതായതിന്റെ ഓർമകളിൽ ജീവിച്ചിരിക്കുന്നവർ ഇപ്പോഴും വിതുന്പുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർമിക്കാൻ കുറാഞ്ചേരിക്കാർക്ക് സ്മാരകങ്ങൾ ആവശ്യമില്ലെങ്കിലും വരും തലമുറയ്ക്കോർക്കാൻ അവർ സ്മാരകം പണിതിരിക്കുന്നു.
മോഹനേട്ടന്റെ പച്ചക്കറി കടയും ചാച്ചന്റെ ചായക്കടയും ഇവിടെ നേരത്തെ തന്നെ പുനർനിർമിച്ചു കഴിഞ്ഞു. പൂമല, പത്താഴക്കുണ്ട് ഡാമുകളിലേക്കും ചേപ്പാറ എന്ന പാറമലയിടുക്കിലേക്കും പോകാനുള്ള റോഡും കുറാഞ്ചേരിയിൽ നിർമിച്ചിട്ടുണ്ട്.
കുടിവെള്ളത്തിനായി കൊത്തുപണികളോടു കൂടിയ കിണറാണ് ഇവിടെ പണികഴിപ്പിച്ചിരിക്കുന്നത്. കിണറിൽ വെള്ളം നിറഞ്ഞു കിടക്കുന്നുണ്ട്.
ദുരന്തമേറ്റുവാങ്ങിയ കുറാഞ്ചേരിക്കാർ ഈ വരുന്ന 16ന് രാവിലെ എട്ടിന് കിണറും ബസ് സ്റ്റോപ്പും നാടിന് സമർപിക്കും…തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരിക്കാത്ത ഓർമകളുമായി….