വടക്കാഞ്ചേരി: പൊതുകിണറ്റിൽ മാലിന്യം നിക്ഷേപിച്ചയാളെക്കൊണ്ട് കിണർ വൃത്തിയാക്കിച്ച് വടക്കാഞ്ചേരി നഗരസഭ.
ഗവ. ഗേൾസ് ഹൈസ്കൂളിനു സമീപമുള്ള പൊതു കിണറ്റിൽ വേസ്റ്റ് വലിച്ചെറിഞ്ഞ വ്യക്തിയെ നഗരസഭ സെക്രട്ടറിയും, ഹെൽത്ത് വിഭാഗം ജീവനക്കാരും ചേർന്ന് ഒക്ടോബർ 30ന് പിടികൂടിയിരുന്നു.
ഡിവിഷൻ കൗണ്‍സിലറായ സന്ധ്യ കൊടയ്ക്കാടത്താണ് കിണറ്റിൽ വേസ്റ്റ് തള്ളിയ കാര്യം അന്ന് ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിൽ സൗഹൃദ നഗറിൽ താമസിക്കുന്ന സന്ദീപ് എന്ന വ്യക്തിയാണ് വേസ്റ്റ് നിറച്ച ചാക്കുകൾ കിണറ്റിൽ തള്ളിയ തെന്ന് കണ്ടെത്തുകയും, അയാളെ പിടികൂടുകയും ചെയ്തു.
അയാൾക്കെതിരെ കനത്തപിഴ ഈടാക്കുന്നതിന് നഗരസഭ തീരുമാനിക്കുകയും, നോട്ടീസ് നൽകുകയും ചെയ്തിരുന്നു. അതിനു പുറമെ അയാൾ മാലിന്യം വലിച്ചെറിഞ്ഞ കിണറ്റിലെ വെള്ളം വറ്റിക്കുന്നതിനും, മേലിൽ ആരും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കുന്നതിന് അയാളെക്കൊണ്ട് തന്നെ കിണറിനു മേൽ ഇരുന്പ് വല ഇടീക്കുകയും ചെയ്തു.