വാഴൂർ: ചീട്ടുകളി നടക്കുന്നതിനിടെ പോലീസിനെ കണ്ട് ഓടിയ ആൾ കിണറ്റിൽ വീണ് മരിച്ചു. കാനം പാതിപാലം മരുതോലി വീട്ടിൽ എം.ജെ.ഷാജി (50)യാണ് മരിച്ചത്.കാനം ചെട്ടിയാറ യാക്കോബായ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് വെള്ളിയാഴ്ച രാത്രി 11.30നു പള്ളിക്കത്തോട് പോലീസ് പെട്രോളിംഗ് നടത്തുകയായിരുന്നു.
ഇതിനിടയിൽ പള്ളിയുടെ സമീപത്തെ ഒരു പുരയിടത്തിൽ ആൾക്കൂട്ടം കണ്ടതിനെ തുടർന്ന് ഈ ഭാഗത്തേക്ക് പോലീസ് ടോർച്ച് അടിച്ചു. ടോർച്ചിന്റെ വെളിച്ചം കണ്ടയുടൻ പോലീസാണെന്ന് മനസിലായ ചീട്ടുകളി സംഘം ഓടി. ഓടുന്നതിനിടെ ഷാജി ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു.
പിന്നീട് പോലീസ് തന്നെ ഷാജിയെ കിണറ്റിൽ നിന്ന് എടുത്ത് മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ശനിയാഴ്ച പുലർച്ചയോടെ മരണം സംഭവിച്ചു.മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം നടത്തി.ഭാര്യ: സുമ, മകൻ: അഭിമന്യൂ .