പഴയന്നൂർ (ചേലക്കര): ബാറിലെ സംഘർഷത്തിനിടെ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേലക്കര നാട്ടിൻചിറ ലായില്ലാക്കോളനി കൂർക്കപ്പറന്പിൽ പരേതനായ ദേവദാസിന്റെ മകൻ പ്രജീഷി(32)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രജീഷ് തൃശൂർ ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു.
ചേലക്കര മേപ്പാടം ബാറിൽ ഞായറാഴ്ച രാത്രി അടിപിടിയുണ്ടായിരുന്നു. സംഭവമറിഞ്ഞ് പോലീസ് എത്തിയതോടെ പ്രജീഷും സുഹൃത്തുക്കളും ചിതറിയോടി. തുടർന്ന് പ്രജീഷിനെ കാണാതായിരുന്നു. പോലീസ് പിന്തുടരുന്നതറിഞ്ഞ് മുന്നിലെ വഴിയിലൂടെയുള്ള ഓട്ടത്തിനിടെ പ്രജീഷ് മതിൽ ചാടിയതു കിണറ്റിലേക്കായതാണെന്നു കരുതുന്നു.
പ്രജീഷിനെ കാണാതായെന്നു ഭാര്യ സൗമിനിയും സഹോദരൻ പ്രവീണും ചേലക്കര പോലീസിൽ പരാതി നല്കിയിരുന്നു. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും തിങ്കളാഴ്ച രാത്രി നടത്തിയ തെരച്ചിലിൽ മതിലിനുസമീപം പ്രജീഷിന്റെ ചെരിപ്പുകൾ കണ്ടെത്തി. മതിലിനോടു ചേർന്നുള്ള കിണറ്റിൽ തെരച്ചിൽ നടത്തിയതോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് രാത്രി പത്തോടെ മൃതദേഹം പുറത്തെടുത്തു.
പ്രജീഷിന്റെ മരണത്തെതുടർന്ന് പോലീസിനെതിരേ ബന്ധുക്കൾ രംഗത്തെത്തി. നിരപരാധിയായ പ്രജീഷിനെ പോലീസ് പിന്തുടർന്നതാണ് മരണകാരണമെന്നു ബന്ധുക്കൾ കുറ്റപ്പെടുത്തി. യഥാസമയം പോലീസ് അന്വേഷിച്ചിരുന്നെങ്കിൽ പ്രജീഷ് മരിക്കില്ലായിരുന്നുവെന്നും അവർ പറഞ്ഞു. ആർഡിഒ എത്തിയതിനുശേഷം മൃതദേഹ പരിശോധന നടത്തിയാൽ മതിയെന്ന നിലപാടിലായിരുന്നു ബന്ധുക്കൾ.
മൃതദേഹം രാത്രി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.വിവിധ രാഷ്ട്രീയ കക്ഷികളും പോലീസിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.അമർനാഥ്, അമൃത എന്നിവരാണ് പ്രജീഷിന്റെ മക്കൾ.അമ്മ പുഷ്പ. സഹോദരങ്ങൾ: പ്രിജിത, പ്രിയ, പ്രവീൺ, പ്രവിത.