കോട്ടയം: കിണറുകൾ ഒരുപാട് നമ്മൾ കണ്ടിട്ടുണ്ട്. ചുട്ടുപൊള്ളുന്ന ചൂടിൽ കിണറ്റിൽ നിന്നും വെള്ളം കോരി കൂടിക്കുന്നത് ഒരു സുഖമാണ്, ദാഹശമനമാണ്. ഓരോ വീടിന്റെയും മുറ്റത്ത് ഒരു കിണർ കാണും.
വേനൽ കടുത്തതോടെ കിണറുകൾ വറ്റിവരണ്ടു. ലോറിയിലെത്തിക്കുന്ന വെള്ളം കിണറ്റിലൊഴിക്കുന്ന കാലമാണിത്. എന്നാൽ കോട്ടയം ഈരാറ്റുപേട്ടയിൽ ഒരു കിണറുണ്ട്.
ഈ കിണറ്റിലെ വെള്ളം വറ്റാറില്ല. ഈ കിണറ്റിൽ നിന്നും ആരും വെള്ളം കോരാറില്ല. പകരം മോട്ടോർ വച്ചിരിക്കുകായണ്. ഒന്നും രണ്ടും മോട്ടോറല്ല.
94 മോട്ടോറുകൾ. അദ്ഭുതവും അതിശയവും തോന്നിപ്പിക്കുന്ന വെളളം ചുരുത്തി ഒരു നാടിന്റെ ദാഹമകറ്റുകയാണ് ഈ കിണർ.
ഈരാറ്റുപേട്ട നടയ്ക്കൽ മുല്ലൂപ്പാറ പരേതനായ അലി സാഹിബിന്റെ സ്ഥലത്തെ കിണറ്റിലാണ് 94 മോട്ടോറുകളാണുള്ളത്. മുല്ലൂപ്പാറയിലും ചുറ്റുവട്ടത്തും ആരു വീടുവച്ചാലും അലി സാഹിബിന്റെ കിണറ്റിലേക്ക് വൈദ്യുതി വയറും പൈപ്പ് (ഹോസ്) കണക്ഷനും നിർബന്ധമാണ്.
അതു പല പുരയിടങ്ങൾ താണ്ടിയായാലും മീറ്ററുകൾ വലിച്ചാണെങ്കിലും എത്തും. ആർക്കും എതിർപ്പില്ല, ആരുടെയും അനുവാദവും വേണ്ട. ശുദ്ധജലം ചുരത്തുന്ന ഈ കിണറുള്ളതിനാൽ ഒരാളും സ്വന്തം പുരയിടത്തിൽ ഇതുവരെയും കിണർ കുഴിച്ചിട്ടില്ല.
ഈരാറ്റുപേട്ട പഴയ ബസ് സ്റ്റാൻഡിൽ പലചരക്ക് വ്യാപാരിയായിരുന്നു മാങ്കുഴയ്ക്കൽ അലിസാഹിബ്. വർഷങ്ങൾക്ക് മുന്പ് കുടുംബ വസ്തു വീതം വച്ചപ്പോൾ സ്വന്തം പുരയിടത്തിലെ ഉറവ വറ്റാത്ത കിണറും വഴിയും ഉൾപ്പെടെ രണ്ട് സെന്റോളം ഭൂമി നാട്ടുകാർക്ക് ദാനം ചെയ്യുകയായിരുന്നു.
അലിസാഹിബ് മരിക്കുകയും മറ്റു മക്കളെല്ലാം ചുറ്റുമുള്ള സ്ഥലം വിറ്റുപോകുകയും ചെയ്തു. ഇളയമകൻ യൂസഫ് മൗലവി നാട്ടുകാരിൽ ഒരാളായി ഈ കിണറിൽ നിന്നുമാണു വെള്ളമെടുക്കുന്നത്.
ആദ്യം ആളുകൾ വെള്ളം കോരിക്കൊണ്ടുപോകുകയായിരുന്നു.പിന്നീടാണ് മോട്ടോറുകൾ സ്ഥാനം പിടിച്ചത്.ആദ്യകാലത്ത് പത്ത് മോട്ടറുകളാണുണ്ടായിരുന്നത്. ഇപ്പോൾ 94 മോട്ടോറുകളുണ്ട്.
ഓരോ മോട്ടോറിൽനിന്നും ഒരോ വീട്ടിലേക്കും കണക്ഷൻ. ഒരു മോട്ടോറുപയോഗിച്ച് ജലമെടുക്കുന്ന പല കുടുംബങ്ങളുമുണ്ട്.
24 മണിക്കൂറും മോട്ടോറുകൾ മാറിമാറി പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നതിനാൽ കിണറിനു സമീപവും ഏതു സമയവും മോട്ടോറിന്റെ ഇരന്പലാണ്.
ഓരോ മോട്ടറിനും ബെഡ് സ്വിച്ച് കിണർ കരയിലുണ്ട്. മോട്ടർ പ്രവർത്തിക്കുന്പോൾ ആ വീട്ടിലെ ആരെങ്കിലും കിണർ കരയിലുണ്ടാകും.
പകൽ സമത്ത് സ്ത്രീകളും രാത്രിയിൽ പുരുഷൻമാരുമാണു എത്തുന്നത്. വെള്ളം ടാങ്കിലെത്തുന്നതു വരെ ഇവർ കിണറ്റിൻകരയിൽ ഇരിപ്പടത്തിലുണ്ടാകും.
കിണറ്റിൽ വെള്ളം വരുന്നതനുസരിച്ച് ഇവർ മോട്ടോർ പ്രവർത്തിപ്പിച്ച് വെളളം നിറയ്ക്കും. അർധരാത്രി കഴിഞ്ഞാലും കിണറ്റിൻകരയിലെ ആളൊഴിയില്ല.
എട്ടു മീറ്ററോളമുണ്ട് കിണറിന്റെ ആഴം. എത്ര കൊടിയ വേനലിലും വെള്ളം വറ്റില്ലെന്നു മാത്രമല്ല പെരുമഴയത്ത് നിറഞ്ഞു കവിയുകയുമില്ല.
വെള്ളം കുറഞ്ഞ് അടിത്തട്ടിലെത്തിയാലും 10 മിനിറ്റ് കാത്തിരുന്നാൽ ഒരു ടാങ്കിലേക്കുള്ള വെള്ളം ഉൗറിവരും.വെള്ളത്തിന്റെ പേരിലോ, മോട്ടോർ സ്ഥാപിക്കുന്നതിന്റെ പേരിലോ ഇവിടെ പ്രശ്നങ്ങളോ വഴക്കുകളോ ഒന്നുമില്ല, ആർക്കും ഇനിയും മോട്ടോർ വയ്ക്കാം.
ജാതിയും മതവുമെല്ലാം ഈ കിണറ്റിൻകരിയിൽ ഒന്നാകും. പണം കൊടുത്തു വെള്ളം വാങ്ങുന്ന ഇക്കാലത്തും അനുവാദം പോലും ചോദിക്കാതെ മോട്ടോർ ഉപയോഗിച്ച് വെള്ളമെടുക്കുന്ന ഈ കിണറ്റിൻകര നാട്ടുകാരുടെ തണ്ണീർകുടവും സൗഹൃദങ്ങളുടെ കിണറ്റിൻകരയുമാണ്.