കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള റോഡിരികിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിലെ കിണറുകൾ മരണക്കിണറുകളാകുന്നു. വിദേശത്തുനിന്നെത്തിയ സുഹൃത്തിനെ സ്വീകരിക്കാൻ കാറുമായി വിമാനത്താവളത്തിലെത്തിയ കോഴിക്കോട് എടക്കാട് കുറുങ്ങാടം രഞ്ജിത്ത്(32)ആണ് ഇന്നലെ വിമാനത്താവള റോഡരികിലെ പറന്പിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചത്.
വിമാനത്താവളത്തിനോട് ചേർന്നുളള ഉപയോഗ ശൂന്യമായ കിണറുകൾ രാത്രിയിലും പകലിലും അപരിചതർക്ക് പേടി സ്വപ്നമാണ്. ആൾമറിയില്ലാത്ത കിണർ ഫുട്ബാത്തിനോട് ചേർന്നാണ് നിൽക്കുന്നത്. ഒഴിഞ്ഞ പറന്പിൽ മൂത്രമൊഴിക്കാൻ പോയപ്പോഴാണ് രഞ്ജിത്തിന് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്.
എട്ടുമണിയോടെ സുഹൃത്ത് വിമാനം ഇറങ്ങിയിട്ടും രഞ്ജിത്തിനെ കാണാത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രഞ്ജിത്തിന്റെ കാർ വിമാനത്താവള കവാടത്തിന് 200 മീറ്റർ അകലെ റോഡരികിൽ കണ്ടത്. സമീപത്തെ കുഴികളിലും കിണറുകളിലും പരിശോധിച്ചപ്പോഴാണ് മണിക്കൂറുകൾക്ക് ശേഷം മൃതദേഹം കണ്ടെത്. ആഴമുളള കിണറിന് സമീപത്ത് തന്നെ മറ്റൊരു മാലിന്യം നിറഞ്ഞ കിണറുമുണ്ട്.
വിമാനത്താവള റോഡരികിലെ ഒഴിഞ്ഞ പറന്പുകളിൽ പലയിടത്തും മരണക്കെണിയൊരുക്കി കിണറുകളുണ്ടെന്ന് നാട്ടുകാരും പറയുന്നു. ഇവ മണ്ണിട്ട് മൂടുകയോ, സംരക്ഷണ ഭിത്തി കെട്ടി അപകടം ഒഴിവാക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇന്നലെ യുവാവ് വീണ് മരിച്ച കിണർ പോലീസ് താത്കാലിക വേലികെട്ടി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരിക്കുകയാണ്.