കിഴക്കമ്പലം: പെരിങ്ങാല അമ്പലംപടിയിൽ കിണറ്റിൽ വീണയാളെ പട്ടിമറ്റം ഫയർഫോഴ്സ് രക്ഷപെടുത്തി. ഇന്നലെ ഉച്ചക്ക് 12.15നാണ് സംഭവം. കല്ലുങ്കൽ കരീം എന്നയാളുടെ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന ചിത്രപ്പുഴ സ്വദേശിയായ തത്തനാട്ട് രഘു (43)വാണ് അപകടത്തിൽപ്പെട്ടത്. കിണറിന്റെ സമീപത്തുനിന്ന് ഫോൺ ചെയ്യുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു.
അൻപത് അടിയിലേറെ ആഴവും നാലടിയോളം വെള്ളവുമുണ്ടായിരുന്ന കിണറ്റിൽനിന്നും രഘുവിനെ രക്ഷപ്പെടുത്താൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും സാധിക്കാത്തതിനാൽ സഹായത്തിനായി ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.
ഉടൻതന്നെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. കെ. സുരേഷിന്റെ നേതൃത്വത്തിൽ പട്ടിമറ്റം ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി. തുടർന്ന് സേനാംഗങ്ങൾ റെസ്ക്യു നെറ്റ് കിണറ്റിലിറക്കി ആളിനെ കയറ്റിയതിനുശേഷം സുരക്ഷിതമായി വലിച്ച് കരക്കെത്തിക്കുകയായിരുന്നു. വീഴ്ച്ചയിൽ ചെറിയ പരിക്കുകൾ പറ്റിയ രഘുവിനെ ഫയർഫോഴ്സിന്റെ ആംബുലൻസിൽ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
കരിമുകൾ പോലീസും സഹായത്തിനുണ്ടായിരുന്നു. കിണർ അപകടങ്ങൾ ഉണ്ടാകുമ്പോൾ കിണറ്റിൽ ഓക്സിജൻ ഉണ്ടോ എന്നറിയുന്നതിന് പേപ്പർ, ചൂട്ട് എന്നിവ കത്തിച്ചിടുന്ന ഒരു തെറ്റായ പ്രവണത കണ്ടുവരുന്നുണ്ട്. ഇങ്ങനെ ചെയ്താൽ പുക നിമിത്തം കിണറ്റിലകപ്പെട്ട ആൾക്കും രക്ഷാപ്രവർത്തനം നടത്തുന്നവർക്കും ശ്വാസംമുട്ട് അനുഭവപ്പെടാനിടയുണ്ട്.അതുകൊണ്ട് ഇതുപോലെ ചെയ്യരുതെന്ന് ഫയർഫോഴ്സ് വിദഗ്ധർ അറിയിച്ചു.