മരങ്ങാട്ടുപിള്ളി: അഞ്ചു ദിവസമായി വീട്ടിൽനിന്നു കാണാതായ ആളെ വീട്ടിൽനിന്ന് 300 മീറ്റർ അകലെയുള്ള ഉപയോഗ ശൂന്യമായ കിണറ്റിൽ കണ്ടെത്തി. മരങ്ങാട്ടുപിള്ളി ആണ്ടൂർ പാലോലി കുഞ്ഞുമോൻ (58) ആണ് അദ്ഭുതകരമായ രണ്ടാം ജന്മം കിട്ടിയത്.
കഴിഞ്ഞ ചൊവ്വാഴ്ച ചേന്നാട്ടിൽ തടിപ്പണിക്കു പോകുകയാണെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ കുഞ്ഞുമോനെക്കുറിച്ചു പിന്നീട് ഒരു വിവരവും വീട്ടുകാർക്കു ലഭിച്ചില്ല. ബന്ധുക്കളോടും സുഹൃത്തുക്കളോടും അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താൻ കഴിയാതെ വന്നതിനാൽ ഭാര്യ ഓമന കഴിഞ്ഞ ദിവസം പോലീസിനെ സമീപിച്ചിരുന്നു.
ആദ്യ രണ്ടു ദിവസങ്ങളിൽ മൊബൈലിൽ വിളിക്കുന്പോൾ ബെല്ലടിക്കുന്നുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ അതുമുണ്ടായില്ല. മരങ്ങാട്ടുപിള്ളി എസ്ഐ ജേക്കബിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോണ് സിഗ്നൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു കുഞ്ഞുമോനെ കണ്ടെത്തിയത്.
അന്വേഷണത്തിൽ കുഞ്ഞുമോന്റെ മൊബൈൽ സിഗ്നൽ പാളയം ടവർ ലൊക്കേഷനിലാണെന്നു വ്യക്തമായി. തുടർന്ന് ഈ പ്രദേശമാകെ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽവാസികളും ചേർന്ന് അരിച്ചു പെറുക്കി അന്വേഷണം നടത്തി.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ രാമച്ചനാട്ട് ജോസഫിന്റെ പുരയിടത്തിലെ കിണറിനു സമീപം കുഞ്ഞുമോന്റെ പഴ്സും മൊബൈലും കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അരയോളം വെള്ളമുള്ള കിണറ്റിൽ കുഞ്ഞുമോനെ കണ്ടെത്തിയത്. തുടർന്ന് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നു കരയ്ക്കെത്തിച്ചു.
പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ കുഞ്ഞുമോനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുഞ്ഞുമോൻ അവശനിലയിലാ യതിനാൽ കിണറ്റിൽ വീഴാനിടയായ സാഹചര്യമെന്താണെന്നോ എന്നാണു വീണതെന്നോ വ്യക്തമായിട്ടില്ല.