മുക്കം: സജ്മീർ, സത്താർ, ശശീന്ദ്രൻ, സാഹിർ, സജീദ്…. “എസ് കമ്പനി’യിലെ അഞ്ചംഗങ്ങൾ. അഞ്ചു പേരും പുലർച്ചെ അഞ്ചിന് എഴുന്നേറ്റ് മിനി പഞ്ചാബിലെ ഇരുവഞ്ഞിപ്പുഴയ്ക്കരികിൽ നിർമിക്കുന്ന വലിയ കിണറിനു സമീപത്തെത്തും. എഴുപത് കുടുംബങ്ങൾക്ക് കുടിവെള്ളമൊരുക്കാനുള്ള കിണറിനായുള്ള അധ്വാനം.
50 മീറ്റർ അകലെയുള്ള കല്ലും മെറ്റലുമെല്ലാം മറ്റു നിർമാണ വസ്തുക്കളുമെല്ലാം കിണരിനരികിൽ എത്തിക്കുന്നതും കിണർ നിർമാണം ഏറ്റെടുത്തതും ഇവരാണ്. ഈ അധ്വാനം എട്ടു മണി വരെ തുടരും. പിന്നെ അവരുടെ ജോലിക്കു പോകാനായി പിരിയും.
ആറ് മീറ്ററിലധികം ആഴമുള്ള കിണറിന് അഞ്ച് മീറ്റർ വ്യാസമുണ്ട്. ചെങ്കല്ല് ഉപയോഗിച്ച് കിണറിന് ചുറ്റുഭാഗവും വലിയ കെട്ട്. കെട്ട് തള്ളി കിണർ ഇടിയാതിരിക്കാൻ കിണറിനകത്ത് നാല് പില്ലറും മൂന്ന് ബെൽറ്റും. പുഴയിലെ ചെളിവെള്ളം കിണറ്റിലെത്താതിരിക്കാൻ ചുറ്റും ബേബി മെറ്റലുമിട്ടിട്ടുണ്ട്. ഇതുവരെ 1600 -ലധികം ചെങ്കല്ല് കടത്തിക്കഴിഞ്ഞു. ഇനിയും വേണം 500 -ഓളം കല്ലുകൾ.
തീർത്തും അവിചാരിതമായാണ് എസ് കമ്പനി എന്ന ഈ കൂട്ടായ്മ കിണർ നിർമാണം ഏറ്റെടുത്തത്. മുക്കം നഗരസഭയുടെ 2017 – 18 വർഷത്തെ ഓൺ ഫണ്ടിൽ ഉൾപ്പെടുത്തി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള പദ്ധതിയ്ക്കായി ജലസ്രോതസുകൾ നിർമിക്കാനായിരുന്നു തീരുമാനം.
ഓരോ ജലസ്രോതസിനും നാല് ലക്ഷം വീതം അനുവദിക്കുകയും ചെയ്തു. എന്നാൽ അനുവദിച്ച തുക കുറവാണെന്ന കാരണം പറഞ്ഞ് സ്ഥിരം കരാറുകാർ നിർമാണം ഏറ്റെടുക്കാതായതോടെ തുക അസാധുവാകുമെന്നു വരെയെത്തി കാര്യങ്ങൾ.
നാല് ലക്ഷം രൂപയുടെ പ്രവൃത്തിയിൽ ജിഎസ്ടിയും സെക്യൂരിറ്റി തുകയും കഴിഞ്ഞാൽ മൂന്നര ലക്ഷം രൂപയെ ലഭിക്കൂ. നിർമാണത്തിനിടെ പാറ കുടുങ്ങിയാൽ ലക്ഷങ്ങൾ കയ്യിൽ നിന്നും പോകുമെന്നായിരുന്നു കരാറുകാരുടെ ആശങ്ക.
ഒടുവിൽ തുക അസാധുവാകുമെന്നു കണ്ടപ്പോൾ മാർച്ച് അവസാന വാരം നഗരസഭാ കൗൺസിലർ കെ.ടി ശ്രീധരന്റെ സഹകരണത്തോടെ രണ്ടും കൽപ്പിച്ച് കിണർ നിർമാണം ഇവർ ഏറ്റെടുക്കുകയായിരുന്നു. മൂന്ന് തവണ ടെൻഡർ വിളിച്ചിട്ടും ആരും ഏറ്റെടുക്കാൻ തയ്യാറായില്ല.
തുക അനുവദിച്ച മറ്റു ജലസ്രോതസുകളുടെ തുക അസാധാവുകയും ചെയ്തു. കിണർ കുഴിക്കാൻ 50,000 ൽ താഴെ രൂപയാണ് എസ്റ്റിമേറ്റിൽ പറയുന്നത്. ഇവർക്ക് ചെലവായതാകട്ടെ 13,6000 രൂപയിലേറെയും.കിണറിന് ആറ് മീറ്റർ ആഴം വേണമെന്നും ഒന്നര മീറ്റർ ഉയരത്തിൽ ആൾമറ കെട്ടണമെന്നുമാണ് കരാറിൽ പറയുന്നത്.
എന്നാൽ ഒന്നര മീറ്റർ ഉയരത്തിൽ ആൾമറ കെട്ടിയാലും മഴക്കാലത്ത് കിണറ്റിൽ പുഴവെള്ളം കയറുമെന്ന് ഇവർക്കറിയാം. അതുകൊണ്ട് കാലവർഷത്തിലും കിണറ്റിൽ മഴവെള്ളം കയറാത്ത ഉയരത്തിൽ ചെങ്കല്ലിന്റെ കെട്ട് ഉയർത്താനാണ് ഇവരുടെ തീരുമാനം.
വേനലിൽ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് നഗരസഭയിലെ ആറ്റുപുറം, മിനി പഞ്ചാബ് പ്രദേശങ്ങൾ. പുഴവെള്ളമാണ് കുടിവെളളമായി ഇവർ ഉപയോഗിക്കുന്നത്. പുഴയോരമാണെങ്കിലും പാറയുടെ സാന്നിധ്യം മിക്ക കിണറുകൾക്കും വില്ലനായി. യുവ കൂട്ടായ്മയിൽ ഒരുങ്ങുന്ന പുതിയ കിണറിലെ ജലത്തിന് ഒരു മധുരമുണ്ടാകും. ലാഭം മോഹിക്കാതെ നാടിനായി അധ്വാനിച്ച യുവാക്കളുടെ സ്നേഹത്തിന്റെ മധുരം.