തൃശൂർ: വരൾച്ചാ മുൻകരുതൽ നടപടികളുടെ ഭാഗമായി വാട്ടർ അഥോറിറ്റിയും ജലനിധിയും ചേർന്ന് സംസ്ഥാനത്താകെ കുഴൽകിണറുകൾ നന്നാക്കിയെടുക്കുമെന്നു ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. പ്രവർത്തനസജ്ജമായ 12,000 എണ്ണത്തിനു പുറമേ, 5585 കുഴൽകിണറുകൾ പുതിയതായി നിർമിക്കും. മലപ്പുറം-289, പാലക്കാട്-260, തൃശൂർ-300 എന്നീ ക്രമത്തിൽ കുഴൽക്കിണറുകൾ സജ്ജമാക്കും. നടപടിക്രമങ്ങൾക്കു സംസ്ഥാനതലത്തിൽ 12 കോടി രൂപയുടെ പ്രവർത്തനാനുമതി ലഭിച്ചിട്ടുണ്ട്. വരൾച്ചയെ നേരിടാനുള്ള ശ്രമങ്ങൾക്കു പണം പ്രശ്നമാകില്ലെന്നു ധനമന്ത്രിയും മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളുടെ വരൾച്ചാ മുൻകരുതൽ നടപടികളുടെ ഭാഗമായി ജലവിഭവവകുപ്പ് തൃശൂർ രാമനിലയത്തിൽ സംഘടിപ്പിച്ച അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരൾച്ച രൂക്ഷമാകുന്നതിനുമുൻപേ, ഫെബ്രുവരി മാസത്തിൽ തന്നെ വെള്ളമെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
നടപടികൾ എല്ലാം പൂർണമാണെന്ന് അഭിപ്രായമില്ല. ചിലയിടത്തു വെള്ളമെത്തിക്കാനുള്ള പൈപ്പുകളില്ല. തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടാൽ ശുദ്ധീകരിച്ച വെള്ളമെത്തിക്കാൻ സൗകര്യമുണ്ടാക്കും. സൗജന്യമായി നല്കുന്ന കുടിവെള്ളത്തിന് ഒരു കാരണവശാലും പണം ഈടാക്കുന്ന സാഹചര്യമുണ്ടാകരുത്. ജലത്തിന്റെ ഉപയോഗത്തിൽ കുടിവെള്ളത്തിനുതന്നെയാണ് മുഖ്യ പരിഗണന. കൃഷി അപ്രസക്തമാണ് എന്നല്ല.
ജീവൻ നിലനിർത്താൻ ആവശ്യമായ കുടിവെള്ളം ലഭ്യമാകുന്നുണ്ടോയെന്നത് ഉറപ്പാക്കിയശേഷം കൃഷിക്കോ, വളർത്തുമൃഗങ്ങൾക്കോ ജലം ലഭിക്കണമെന്ന നയവും ജലസുരക്ഷാപാഠങ്ങളും പൊതുസമൂഹം അടക്കമുള്ളവർ ഏറ്റെടുക്കണം.
ജലനഷ്്ടം തടയാൻ പൊട്ടിയ പൈപ്പുകളുടെ കേടുപാടു തീർക്കാൻ വാട്ടർ അഥോറിറ്റിക്കു കർശന നിർദേശം നല്കിയിട്ടുണ്ട്. പൊതുജനങ്ങൾക്കു പരാതിയറിയിക്കാൻ ഒരു ടോൾഫ്രീ നന്പറും, പരാതി സ്വീകരിക്കാൻ എല്ലാ ജില്ലകളിലും കോൾസെന്ററുകളും പ്രവർത്തനസജ്ജമാക്കാൻ മുൻകൈയെടുക്കുമെന്നും മന്ത്രി അറിയിച്ചു.