ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: ലതയുടെ നേതൃത്വത്തിലുള്ള വീട്ടമ്മമാർ കിണർ നിർമാണത്തിന്റെ തിരക്കുകളിലാണ്. വേനലിൽ രൂക്ഷമാകുന്ന കുടിവെളളക്ഷാമത്തിനു പരിഹാരമായി ജീവജലം കരുതിവയ്ക്കാനുള്ള തത്രപ്പാടുകളിലാണ് ഇവർ. തൊഴിലുറപ്പുപദ്ധതിയുടെ സഹായത്തോടെ കൊക്കർണികളും കിണറുകളും കുഴിച്ച് നാടിന്റെ ദാഹമകറ്റാനുള്ള കൂട്ടായയഞമാണ് ഇവർ നടത്തുന്നത്.
വണ്ടാഴി പഞ്ചായത്തിലെ ഒന്നാംവാർഡായ വള്ളിയോട് പടിഞ്ഞാറെക്കാടാണ് 13 വീട്ടമ്മമാർ വീട്ടുപണികൾക്കുശേഷം കിണർ പണികൾക്കായി ഇറങ്ങുന്നത്. 12 കോൽ നീളത്തിലും ആറ് കോൽ വീതിയിലുമുള്ള കൊക്കർണിയുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനടുത്തെ പറന്പുകളിലായി നാലു കിണറുകളുടെ നിർമാണം പൂർത്തിയായി. ഒന്‍പതും പത്തും കോൽ താഴ്ചയുള്ളതാണ് കിണറുകൾ.
നല്ല ഉറവയുള്ള കിണറുകളാണ് എല്ലാം. കിണറിന് സ്ഥാനം നോക്കാൻ ഈ രംഗത്തുള്ളവരുടെ സഹായം തേടും. പിന്നെയെല്ലാം ഈ അമ്മമാരുടെ കണക്കുകളിലാണ് പുരോഗമിക്കുക. കുടിവെള്ളത്തിനായി പഞ്ചായത്ത് പൈപ്പുകളാണ് പ്രദേശത്തുക്കാർ ആശ്രയിച്ചിരുന്നത്.
ഇനി പൈപ്പുകൾ പണിമുടക്കിയാലും കുടിവെള്ളത്തിനായി അലയേണ്ടി വരില്ലെന്ന ആശ്വാസമാണ് ഇവിടുത്തെ താമസക്കാർക്കെല്ലാമുള്ളത്. അമ്മമാർക്ക് പ്രോത്സാഹനവുമായി വാർഡ് മെംബർ സജിത ഉണ്ണിയും എഡിഎസ് ദേവയാനിയും ഒപ്പമുണ്ട്.