ചവറ: ഒരിറ്റ് കുടിവെള്ളത്തിന് കുടവുമായി അയൽ വീടുകളിൽ ഓടി നടന്ന സരസ്വതിയമ്മയ്ക്കിനി വെള്ളത്തിനായി ദുരിതമില്ല. വൃദ്ധ മാതാവിന്റെ സ്വപ്നം ഏറ്റെടുത്ത് പാട്ടരുവി പ്രവാസി നവ മാധ്യമ കൂട്ടായ്മയാണ് വീട്ടുമുറ്റത്ത് കിണർ നിർമിച്ച് നൽകിയത്.
പൂർത്തിയായ കിണറിൽ നിന്നും പ്രവാസികളുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ആദ്യ തൊട്ടി വെള്ളം കോരിയപ്പോൾ സരസ്വതിയമ്മ സന്തോഷവതിയായി. പന്മന നടുവത്ത് ചേരിയിൽ വള്ളൂച്ചാലിൽ സരസ്വതിയമ്മയ്ക്കാണ് പ്രവാസികളുടെ നേതൃത്വത്തിൽ വീട്ടുമുറ്റത്ത് കിണർ നിർമിച്ചത്.
മാനസിക വൈകല്യമുള്ള മകനും വൃദ്ധയായ സഹോദരിക്കുമൊപ്പം ഏത് സമയവും തകർന്ന് വീഴാറായ ഷെഡിൽ കഴിയുന്ന വൃദ്ധ മാതാവിന്റെ ദുരിതാവസ്ഥ മനസിലാക്കി വാർഡ് മെമ്പർ നിസാർ വരവിളയാണ് പ്രവാസികളുടെ നവ മാധ്യമ കൂട്ടായ്മയായ പാട്ടരുവിയുടെ മുന്നിൽ കിണർ നിർമാണ വിവരം അറിയിക്കുന്നത്.
20 ഓളം അംഗങ്ങൾ നിറഞ്ഞ മനസോടെ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. നിർമാണത്തിന്റെ പൂർണ ചിലവും സംഘം ഏറ്റെടുത്തതോടെ നവ മാധ്യമക്കുട്ടായ്മയുടെ നാട്ടിലുള്ള പ്രവാസികളുടെ നേതൃത്വത്തിൽ നിർമാണം ആരംഭിച്ചു.
രണ്ട് ദിവസം കൊണ്ടാണ് 12 തൊടികളിൽ കിണർ നിർമാണം പൂർത്തിയായത്. ചവറ എസ്ഐ ജയകുമാറാണ് ആദ്യ തൊട്ടി വെള്ളം കോരി ഉദ്ഘാടനം നിർവഹിച്ചത്. വാർഡ് മെമ്പർ നിസാർ വരവിള, പാട്ടരുവി പ്രവർത്തകരായ നിസാർ വലിയത്ത്, പന്മന മുഹമ്മദ് കുഞ്ഞ്, ഹുസൈൻ തണ്ടളത്ത്, സലീം പള്ളി വടക്ക, ഉമർ മുക്താർ, എന്നിവർ പ്രസംഗിച്ചു.