ചാലക്കുടി: താലൂക്ക് ആശുപത്രി പരിസരത്തെ വീടുകളിലെ കിണർ വെള്ളത്തിന് രാസലായിനിയുടെയും മരുന്നിന്റെയും ഗന്ധമുള്ളതായി സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. വെള്ളത്തിന് അനുവദനീയമായതിൽ കൂടുതൽ രൂക്ഷഗന്ധമാണ് ഉള്ളതെന്നും വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കക്കൂസ് മാലിന്യത്തിൽനിന്നുള്ള കോളിഫാം ബാക്ടീരിയയും വെള്ളത്തിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരുമാസം മുന്‍പാണ് ആശുപത്രി പരിസരത്തെ വീടുകളിലെ കിണറുകളിൽ വെള്ളത്തിന് രൂക്ഷഗന്ധം അനുഭവപ്പെട്ട് തുടങ്ങിയത്. ഇതിനെത്തുടർന്ന് കഴിഞ്ഞ 11നാണ് മലിനീകരണ നിയന്ത്രണബോർഡ് അധികൃതർ സ്ഥലത്തെത്തി കിണറുകളിലെ വെള്ളം ശേഖരിച്ച പരിശോധന നടത്തിയത്.
നാട്ടുകാരുടെ പരാതിയെത്തുടർന്ന് ബി.ഡി. ദേവസി എംഎൽഎ, നഗരസഭ ചെയർപേഴ്സണ്‍ ജയന്തി പ്രവീണ്‍, വൈസ് ചെയർമാൻ വിൽസണ്‍ പാണാട്ടുപറന്പിൽ, കൗണ്‍സിലർ ഗീത സാബു എന്നിവർ സ്ഥലത്തെത്തി ഈ പരിസരത്തെ വീട്ടുകാർക്ക് വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിച്ച് ശുദ്ധജലമെത്തിക്കാൻ നടപടി സ്വീകരിച്ചു.
നൂറുകണക്കിന് രോഗികൾ കഴിയുന്ന താലൂക്ക് ആശുപത്രിയിലെ കക്കൂസുകളിലും മറ്റും ഉപയോഗിക്കുന്ന മലിനജലം ആശുപത്രി വളപ്പിൽ കുഴികുത്തി ഇതിലേക്ക് ഒഴുക്കുകയായിരുന്നു. പരിസരവാസികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെത്തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുന്‍പാണ് ഇതിനെതിരെ നടപടി സ്വീകരിച്ചത്. താലൂക്ക് ആശുപത്രിയിൽ ഉപയോഗിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ഇതുവരെ മാലിന്യസംസ്കരണ യൂണിറ്റ് സ്ഥാപിച്ചിട്ടില്ല.
2014ൽ മാലിന്യസംസ്കരണ യൂണിറ്റിന് 60 ലക്ഷം രൂപ അനുവദിച്ചതായിരുന്നു. ആശുപത്രിയിലെ ബാത്ത്റൂം, ടോയ്ലെറ്റ്, വേസ്റ്റ് സംസ്കരണത്തിനായി ഇലക്ട്രോ കോയാകുലേഷൻ സംവിധാനത്തിലുള്ള സംസ്കരണ യൂണിറ്റ് സ്ഥാപിക്കാനാണ് അനുവാദം ലഭിച്ചത്. ഇതിന് സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചിരുന്നുവെങ്കിലും നടപടികൾ ഉണ്ടായില്ല.
എന്നാൽ, മാലിന്യസംസ്കരണ യൂണിറ്റിന് ഒന്നേക്കാൽ കോടി രൂപ വേണ്ടിവരും. 60 ലക്ഷം രൂപകൊണ്ട് മാലിന്യസംസ്കരണ യൂണിറ്റ് സ്ഥാപിക്കാൻ കഴിയാത്തതാണ് നടപടികൾ സ്തംഭിക്കാൻ കാരണം.