ആറ്റിങ്ങല്‍: കൈക്കുഞ്ഞുമായി കിണറ്റിലിറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനേയും കുഞ്ഞിനേയും അതിസാഹസികമായി രക്ഷപ്പെടുത്തി. ചെമ്പൂര് കട്ടിയാട് വിനീത് (38) ആണ് തന്റെ മൂന്നു വയസുള്ള മകൾ അമിതയേയും കൊണ്ട് വീട്ടിലെ കിണറ്റിൽ ഇറങ്ങി ആത്മഹത്യാഭീഷിണി മുഴക്കിയത്. നാട്ടുകാർ ഓടിക്കൂടി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും യുവാവ് ചെവികൊണ്ടില്ല ഒടുവിൽ പഞ്ചായത്ത് പ്രതിനിധികൾ, പോലീസ്, ഫയർഫോഴ്സ് എന്നിവർ നാല് മണിക്കൂർ കിണഞ്ഞ് പരിശ്രമിച്ച് കുട്ടിയെ പുറത്തെടുത്തു. ഉടൻ വിനീത് കിണറ്റിൽ ചാടി.
പിന്നാലെ ജീവൻ പണയം വച്ച് ഫയർഫോഴ്സ് ജീവനക്കാരായ അനീഷ്, ശ്രീരൂപ്, രജീഷ് എന്നിവർ കിണറ്റിൽ ഇറങ്ങി യുവാവിനെ രക്ഷപ്പെടുത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഫയർസ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ലോപ്പസ്, ആറ്റിങ്ങൽ പ്രൊബേഷൻ എസ്ഐമാരായ സുധീപ്, ജിബി എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു സാഹസികമായ രക്ഷാപ്രവർത്തനം. വൻ ജനാവലിയാണ് തിങ്ങിക്കൂടിയത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യാ ശ്രമത്തിന് കാരണം എന്നു പറയുന്നു .