വിഴിഞ്ഞം: അപ്രതീക്ഷിതമായി വീടുകളിൽ വിള്ളൽവീണതും, കിണറുകൾ വൻ ശബ്ദത്തോടെ ഇടിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിൽ ജിയോളജി വകുപ്പ് അധികൃതർ സന്ദർശനം നടത്തി. ഹാർബർ ടൗൺഷിപ്പിലെ വീടുകൾക്ക് മുന്നിലെ കിണറുകളാണ് ഇടിഞ്ഞ് താഴ്ന്നത്.
വീടുകളിലെ ചുമരുകൾ വീണ്ട് കീറി വിള്ളലുകൾ വീണതോടെ ഭൂചലമെന്ന് ആശങ്കയിൽ വീട്ടുകാർ പുറത്തേക്കിറങ്ങിയോടി. സംഭവത്തെ തുടർന്ന് ജിയോളജി വകുപ്പ് അധികൃതർ സ്ഥലതെത്തി പരിശോധന നടത്തിയെങ്കിലും അപൂർവപ്രതിഭാസത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായില്ല.
ടൗൺഷിപ്പ് കോളനിയിലെ ഇബ്രാഹിം, ഫാത്തിമ, താഹിറബീവി, ലത്തീഫ ബീവി, അയിഷ ബീവി എന്നിവരുടെ വീടുകൾക്കാണ് വിള്ളലുണ്ടായത്. അയിഷ ബീവി,ലത്തീഫ ബീവി, ഇബ്രാഹിം എന്നിവുടെ വീട്ടുമുറ്റത്തുളള കിണറുകളും വൻ ശബ്ദത്തോടെ ഇടിഞ്ഞ് താഴ്ന്നതും ആശങ്ക വർധിപ്പിച്ചു
.ബുധനാഴ്ച്ച രാത്രിയോടെയാണ് ടൗൺഷിപ്പ് കോളനിയിലെ ഒരു നിരയിലെ അഞ്ച് വീടുകൾ തകർച്ചയുടെ വക്കിലായത്.ഇന്നലെ ഉച്ചയോടെ ജിയോളജി വകുപ്പിൽ നിന്ന് അസിസ്റ്റന്റ് ജിയോളജിസ്റ്റ് ഉണ്ണിക്കൃഷ്ണൻ സ്ഥലത്തെത്തി വീടുകളും കിണറുകളും പരിശോധിച്ചു.
ശക്തമായ മഴയിൽ ഭൂമിയിലേക്ക് കൂടുതൽ വെള്ളമിറങ്ങിയെന്നും,തീരദേശ മേഖലയായതിനാൽ ഇവിടത്തെ മണ്ണ് ഇളകി താഴ്ന്നതാണ് കാരണമെന്നും അധികൃതർ പറയുന്നു.കൂടാതെ വീടുകളുടെയും കിണറുകളുടെയും അസ്ഥിവാരങ്ങൾക്ക് ചുറ്റുമുളള മണ്ണുകൾ താഴ്ന്നതാണ് ചുമരുകൾ അകന്ന് മാറാനും കാരണമായെന്ന് ജിയോളജിസ്റ്റ് പറഞ്ഞു.