കൊല്ലം: കൊട്ടിയം പറക്കുളത്ത് കിണർ വെള്ളത്തിൽ പെട്രോളിയം ഉൽപ്പന്നത്തിന്റെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിൽ മയ്യനാട് ഗ്രാമപഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോർഡും ഐഒസി അധികൃതരും ഭൂജലവകുപ്പും സംയുക്ത പരിശോധന നടത്തി ശാശ്വത പരിഹാരം കാണണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
തൃപ്തികരമായ പരിഹാരമുണ്ടാകുന്നത് വരെ പ്രദേശവാസികൾക്ക് ശുദ്ധജലമെത്തിക്കാനുള്ള നടപടികൾ ജില്ലാ കളക്ടർ സ്വീകരിക്കണമെന്നും കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു.മയ്യനാട് പഞ്ചായത്തിലെ കൊട്ടിയം പറക്കുളത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്നും പെട്രോളിയം ഉൽപ്പന്നങ്ങൾ കിണർവെള്ളത്തിൽ കലരുന്നുവെന്ന് പരാതിപ്പെട്ട് പ്രദേശവാസിയായ പൊന്നമ്മ നൽകിയ പരാതിയിലാണ് നടപടി.
കമ്മീഷൻ ജില്ലാ കളക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങിയിരുന്നു. സ്വകാര്യ ഫ്യൂവൽ സ്റ്റേഷനിൽ ചോർച്ചയുള്ളതായി വിവിധ ഏജൻസികൾ നടത്തിയ പരിശോധനയിൽ കണ്ടെ ത്തിയിട്ടുളളതായി റിപ്പോർട്ടിൽ പറയുന്നു. ഐഒസിയും പന്പ് ഉടമയും രണ്ട ് തവണ വൃത്തിയാക്കിയിട്ടും ഡീസൽ സാന്നിധ്യം കണ്ടെത്തി.
പന്പിന് സമീപം മൂന്ന് റൂറൽ സർവീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള മാലിന്യം സമീപപ്രദേശങ്ങളിലെ ഭൂമിയിലാണ് നിക്ഷേപിക്കുന്നത്. ഇത് മലിനീകരണത്തിന് കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഭൂജലവകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ജലമലിനീകരണമുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡും കമ്മീഷനെ അറിയിച്ചു. ഡീസൽ സാന്നിധ്യം ഐഒസിയുടെ ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യണമെന്ന് മയ്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്ത് കുടിവെള്ളം ലഭിക്കാൻ പൈപ്പ് കണക്ഷൻ നൽകണം. സ്ഥലത്ത് കുടിവെള്ള വിതരണം നടത്തുന്നുണ്ടെന്നും സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.
ശുദ്ധജലവും ശുദ്ധവായുവും മനുഷ്യാവകാശങ്ങളാണെന്ന് കമ്മീഷൻ അംഗം കെ.മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു. നിലവിലുള്ള നിയമങ്ങൾ ഫലപ്രദമായി പ്രാബല്യത്തിൽ വരാത്തത് കാരണമാണ് ദുസ്ഥിതിക്ക് കാരണമെന്ന പ്രദേശവാസികളുടെ വാദം അധികൃതർ പ്രതിരോധിച്ചിട്ടില്ലെന്നും ഉത്തരവിലുണ്ട്.
ഉത്തരവ് ജില്ലാ കളക്ടർ, പഞ്ചായത്ത് സെക്രട്ടറി, ഭൂജലവകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവർക്ക് അയച്ചു.