കോട്ടയം: ശക്തമായ മഴ പെയ്യുന്പോൾ കിണറുകളിൽ വെള്ളം താഴുന്നു, കിണർ താഴുന്നു. അത്ഭുത പ്രതിഭാസം നാട്ടുകാരിൽ ആശങ്ക പരത്തി. കളത്തൂരിലും സമീപ പ്രദേശങ്ങളിലുമുള്ള കിണറുകളിലാണ് വെള്ളം താഴ്ന്നു പോകുന്ന പ്രതിഭാസം കണ്ടെത്തിയത്. കളത്തൂർ പള്ളി്ക്കു സമീപ പ്രദേശങ്ങളായ ഇണ്ടംകുഴി- ഏളുകുന്ന് ഭാഗത്തുള്ള നിരവധി വീടുകളിലെ കിണറുകളിലെ വെള്ളമാണു താഴ്ന്നു പോയത്.
ഇന്നലെ രാവിലെ വരെ നിറഞ്ഞു കിടന്നിരുന്ന കിണറ്റിലെ വെള്ളം വൈകുന്നേരത്തോടെയാണു താഴ്ന്നു പോയത്. പല വീട്ടുകാരും മോട്ടോർ ഓണ്‍ ചെയ്തിട്ടും ടാങ്കിൽ വെള്ളം എത്തിയില്ല. തുടർന്ന് കിണർ പരിശോധിച്ചപ്പോഴാണ് വെള്ളം താഴ്ന്ന നിലയിൽ കണ്ടത്. തുടർന്നു മറ്റു വീടുകളിലെ കിണറുകളിലെത്തി നോക്കിയപ്പോഴാണു അവിടെയും വെള്ളം താഴ്ന്ന നിലയിൽ കണ്ടെത്തിയത്.
നാട്ടുകാർ അറിയിച്ചതനുസരിച്ചു ഇന്നു പഞ്ചായത്ത് അധികൃതർ പരിശോധന നടത്തും. അതേ സമയം കോട്ടയം എആർ ക്യാന്പിനു സമീപത്തെ ഒരു കിണർ ഇന്നലെ ക്ഷണ നേരം കൊണ്ട് ഇടിഞ്ഞുതാഴ്ന്നു. എലിപ്പുലിക്കാട്ട് കൊച്ചുപാലത്താനത്ത് കെ.ജെ.ലൂക്കോസിന്റെ കിണർ ആണ് ഇടിഞ്ഞു താഴ്ന്നത്.
ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് കിണർ പെട്ടെന്ന് ഇടിഞ്ഞു താഴ്ന്നത്. 14 റിംഗ് ഇറക്കിയിട്ടുള്ളതാണ് കിണർ. നാലു റിംഗുകൾ ഭൂമിക്കിടയിലേക്ക് താഴ്ന്നു. 30 വർഷമായി കിണർ സ്ഥാപിച്ചിട്ട്. വീടിനോട് ചേർന്നുള്ള കിണറായതിനാൽ ഭീതിയിലാണ് വീട്ടുകാർ. ു