കൊച്ചി: പ്രളയം ദുരന്തം വിതച്ച കേരളത്തിലെ മിക്ക പ്രദേശങ്ങളിലെ കിണറുകളിലേയും ജലം കുടിവെള്ള യോഗ്യമല്ലാതായി തീർന്നിരിക്കുകയാണെന്നു പഠനം. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ 4,348 കിണറുകളിലെ വെള്ളമാണു കുഫോസിലെ സോയിൽ ആൻഡ് വാട്ടർ അനാലിസസ് ലാബിൽ പരിശോധിച്ചത്.
ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 14 വരെയാണു സാന്പിളുകൾ ശേഖരിച്ചത്. കെമിക്കൽ ഓഷ്യാനോഗ്രാഫി വിഭാഗത്തിലെ അധ്യാപികയായ ഡോ. അനു ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം നടത്തിയ പഠനത്തിൽ കിണറുകളിലെ വെള്ളത്തിൽ കുടിക്കാൻ യോഗ്യമല്ലാത്തവിധം അമ്ലാംശം വർധിച്ചു എന്നതാണ് വ്യക്തമായത്.
പെരിയാർ കരകവിഞ്ഞ് ഒഴുകിയ കാലടി, നെടുന്പാശേരി, ആലുവ മേഖലകളിൽ ഇതു വളരെ കൂടുതലാണ്. അമ്ലാംശം വർധിച്ചതോടൊപ്പം കിണർ വെള്ളത്തിലെ ചെളിയുടെ തോത് ശരാശരി 30 ശതമാനത്തോളം വർധിച്ചതും ഓക്സിജന്റെ അളവ് പരിധിയില്ലാതെ താഴ്ന്നതുമാണ് പ്രളയബാധിത പ്രദേശങ്ങളിലെ കിണറുകളെ കുടിവെള്ള യോഗ്യമല്ലാതാക്കി തീർത്തത്.
ഒരു ലിറ്റർ കുടിവെള്ളത്തിൽ നാല് മില്ലിഗ്രാം എങ്കിലും ഓക്സിജൻ ഉണ്ടാകേണ്ടതാണ്. പരിശോധിച്ച മിക്ക സാന്പിളുകളിലും ഓക്സിജന്റെ അളവ് ഇതിലും വളരെ കുറവാണ്. കെമിക്കൽ പരിശോധനയോടൊപ്പം നടത്തിയ മൈക്രോ ബയോളജി പരിശോധനയിൽ 90 ശതമാനം കിണറുകളിലെ വെള്ളത്തിലും അനുവദനീയമായതിന്റെ പതിൻമടങ്ങ് ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രളയത്തിലൂടെ ജലസ്രോതസുകളിൽ വൻതോതിൽ വിസർജ്യമാലിന്യം കലർന്നിട്ടുണ്ടെന്നാണു ഡോ. എം.പി. സഫീനയുടെ നേതൃത്വത്തിൽ നടന്ന ബാക്ടീരിയ പരിശോധനയിൽ വ്യക്തമായത്. പ്രളയബാധിത പ്രദേശങ്ങളിലെ 30 ശതമാനം കിണറുകളിലും എംപിഎൻ ഇൻഡക്സ് പ്രകാരം അനുവദനീയമായതിനേക്കാൾ അപകടകരമായ തരത്തിൽ ഉയർന്ന അളവിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ട്.
മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗംമൂലം സാംക്രമിക രോഗങ്ങളായ വയറിളക്കം, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യരോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ പ്രളയ ബാധിത പ്രദേശങ്ങളിലെ കിണറുകളിലെ കുടിവെള്ളം നന്നായി ശുദ്ധീകരിച്ചശേഷം തിളപ്പിച്ചു മാത്രമേ കുടിക്കാവൂവെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
കിണറുകളിൽ ക്ലോറിനേഷനും സൂപ്പർ ക്ലോറിനേഷനും നടത്തി വേണം വെള്ളം ശുദ്ധീകരിക്കാൻ. അതിനുശേഷം കഴിയുന്നതും ഫിൽട്ടർ ചെയ്തുവേണം കിണർ വെള്ളം ഉപയോഗിക്കാൻ. പരന്പരാഗത രീതിയിൽ കഴുകിയ മണലും ചിരട്ടക്കരിയും ചേർത്ത മിശ്രിതം കിഴികെട്ടി ആഴ്ചയിൽ നാലു ദിവസം എന്ന തോതിൽ വെള്ളത്തിൽ താഴ്ത്തി കിണർവെള്ളം ഫിൽട്ടർ ചെയ്യുന്ന രീതിയും ഫലപ്രദമാണെന്നു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
പൊതുജന പങ്കാളിത്തത്തോടെയാണു കുഫോസിലെ ശാസ്ത്രജ്ഞർ പ്രളയ ബാധിത പ്രദേശങ്ങളിൽനിന്നു കുടിവെള്ള സാന്പിളുകൾ ശേഖരിച്ചത്. അധ്യാപകനായ ബി.എം. ആദർശ്, ഗവേഷണ വിദ്യാർഥികളായ ജനിസ് മാത്യു, പ്രിൻസി എം. ജോൺ, വി.എൽ. സനിൽ, അശ്വതി ഷാജി, ആദിത്യ സുധൻ, കെ.എസ്. ഗ്രീഷ്മ, ടി. അഫ്ളാഹ്, കെ.ആർ. വിഷ്നേഷ്, കെ.ടി. മിഥുൻ, അനു റൂബി ബെന്നി, റിൻസില കരീം, നേഹ ഓംജി, ആർ. പ്രീനങ്ക എന്നിവർ ചേർന്നാണു സാന്പിൾ കളക്ഷനും പരിശോധനയും നടത്തിയത്.