മാന്നാർ:പ്രളായാനന്തരം കിണർ ജലം ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ മാലിന്യങ്ങൾ നിറഞ്ഞതാണെന്ന റിപ്പോർട്ട് നാട്ടുകാരെ ആശങ്കയിലാക്കുന്നു.പ്രളയം ഒഴിഞ്ഞ മാന്നാർ,പരുമല,പാണ്ടനാട് എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച കിണർ വെളളം പരിശോധിച്ചതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്.
സംസ്ഥാന ജലസേചന വകുപ്പിന്റ കോഴിക്കോട് നിന്നുള്ള ഒരു സംഘമാണ് കഴിഞ്ഞ ഒരാഴ്ചയായി പരുമല സെമനാരിയുടെ ധ്യാന കേന്ദ്രത്തിൽ വെള്ളം പരിശോധിച്ച് നൽകുന്നത്.ആയിരം രൂപയ്ക്ക് അടുത്ത് ചിലവ് വരുന്ന പരിശോധന ഇവിടെ തികച്ചും സൗജന്യമായിട്ടാണ് ചെയ്യുന്നത്.വെള്ളപ്പൊക്കത്തിൽ കിണറുകൾ മൂടി കരകവിഞ്ഞ് ഒഴുകിയതിന് ശേഷം ഇത്തരം കിണറുകൾ സന്നദ്ധസംഘടനകളുടെയും മറ്റും നേതൃത്വത്തിൽ മോട്ടോർ ഉപയോഗിച്ച് വറ്റിച്ചിരുന്നു.
തുടർന്ന് ക്ലോറിനേഷൻ നടത്തുകയും ചെയ്തു. എന്നാൽ ഇത്തരം കിണറുകളിലെ ജലം പോലും കുടിക്കാൻ കഴിയാത്ത തരത്തിൽ മലിനമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇതിനോടകം 2500 കിണറുകളിലെ വെള്ളം പരിശോധിച്ച് കഴിഞ്ഞു. ഇതിൽ പ്രളയദുരിതം ഉണ്ടായ എല്ലാ ഭാഗങ്ങളിലെയും കിണറുകളിലെ ജലം ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലുള്ളതല്ല.
കോളിഫാം ബാക്ടീരിയായുടെയും ഇ-കോളി ബാക്ടീരിയായുടെയും അളവ് വെള്ളത്തിൽ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്.സാധരണ നിലയിൽ 100 എംഎൽ വെള്ളത്തിൽ പൂജ്യം മുതൽ 10 ശതമാനം വരെ മാത്രമാണ് കോളിഫാം ബാക്ടീരിയപാടുള്ളു.എന്നാൽ പരിശോധനാ ഫലങ്ങളിൽ ഇതിന്റെ നൂറ് ഇരട്ടി വരെ ഇത്തരത്തിലുള്ള മാലിന്യങ്ങൾ ചില കിണറുകളിലെ വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്.വെള്ളത്തിന്റെ പിഎച്ച് മൂല്യം മുതൽ ധാതുലവണങ്ങൾ വരെ ദോഷകരമായ അളവിലാണ് പല കിണറുകളിലും ഉള്ളത്.
വെള്ളത്തിൽ അടങ്ങിയിട്ടുള്ള ക്ലോറൈഡ്,ഫ്ളൂറൈഡ്,അയണ്,നൈട്രേറ്റ്,സൾഫർ,ഫോസ്ഫേറ്റ്,അമോണിയ എന്നിവയെല്ലാം തന്നെ അനുവദനീയമായ അളവിലും പല കിണറുകളിലും ഏറെ കൂടുതലാണ്.പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന തരത്തിലാണ് പല കിണറുകളിലെയും വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ധാതുലവണങ്ങൾ.
കക്കൂസ് മാലിന്യങ്ങളിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയയോടൊപ്പം തന്നെ മറ്റ് പ്രശ്നങ്ങളും ഉള്ളതിനാൽ ഭൂരിപക്ഷം കിണുറുകളും മൂടി പുതിയവ നിർമ്മിക്കേണ്ടി വരും.എന്നിരുന്നാലും ഇനിയുള്ള നാളുകളിൽ ശുദ്ധ ജലം ലഭിക്കുമോ എന്നുള്ളതാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്.
ഇപ്പോൾ ശുദ്ധീകരിച്ച ജലം വാഹനങ്ങളിൽ പലയിടങ്ങളിലും എത്തിക്കുന്നതാണ് ചിലർക്കെങ്കിലും ഏക ആശ്വാസം. പരുമല സ്ട്രാബോർഡ് ഫാക്ടറിയുടെ പരിസരത്തുള്ള ടാങ്കിൽ നിന്നും വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ജലശുദ്ധീകരണ പ്ലാന്റ് വഴി ജലം ശുദ്ധീകരിച്ച് ടാങ്കുകളിലാക്കി വാഹനങ്ങളിലാണ് വീടുകളിൽ വെള്ളം എത്തിച്ച് വരുന്നത്.
എന്നാൽ ഇത്തരത്തിലുള്ള വെള്ളം എല്ലായിടങ്ങളിലും എത്തുന്നില്ലെന്ന ആക്ഷേപങ്ങളുമുണ്ട്.പ്രളയക്കെടുതിയുടെ ബഹളങ്ങൾ കഴിയുന്പോൾ അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഇത്തരം പ്ലാന്റുകൾ തിരികെ കൊണ്ടു പോകും.അതിന് മുന്പ് എല്ലാവർക്കും ശുദ്ധ ജലം ലഭിക്കുന്നതിനുള്ള പദ്ധതികൾ ഉണ്ടാകേണ്ടിയിരിക്കുന്നു.അല്ലാത്ത പക്ഷം ഈ പ്രളായാനന്തരം അനുഭവിക്കുന്ന ഏറ്റവും രൂക്ഷമായ പ്രശ്നമായി കുടിവെള്ളം മാറും.