ഒരു വീട് വാങ്ങിച്ചാൽ അതിൽ മനസമാധാനത്തോടെ ജീവിക്കണമെന്നല്ലെ ആരും ആഗ്രഹിക്കു. പ്ലിമൗത്തിൽ നിന്നുള്ള കോളിൻ സ്റ്റിയർ എന്നയാളും അങ്ങനെയാണ് ഒരു വീടു വാങ്ങിച്ച് താമസം തുടങ്ങുന്നത്.
1988 ലാണ് അദ്ദേഹം താൻ ഇപ്പോൾ താമസിക്കുന്ന വീട് വാങ്ങിക്കുന്നത്. പുതിയ വീടൊക്കെ വാങ്ങി.വീടിന്റെ നിലവിലുള്ള ഇന്റീരിയറും മറ്റുമൊക്കെ ഒന്നു മാറ്റണമെന്ന ആഗ്രഹത്തടെ ചില പണികൾ നടത്തിയതാണ്.
അപ്പോഴാണ് തറയിൽ എന്തൊക്കെയോ മാറ്റങ്ങൾ കണ്ടത്. അങ്ങനെ അവിടെ എന്താണെന്നറിയാൻ തറയൊന്നു കുഴിച്ചു നോക്കാൻ തീരുമാനിച്ചു.
ചില പണികൾ അവിടെ നടത്തിയതിന്റെ ലക്ഷണങ്ങൾ കാണാം. കുഴിക്കൽ കുറെ വർഷങ്ങൾ നീണ്ടു. എന്തായാലും കുഴിച്ചു നോക്കലിനൊടുവിൽ കണ്ടെത്തിയ കാര്യങ്ങൾ കോളിനെയും ഭാര്യ വനേസയെയും മാത്രമല്ല ലോകം മുഴുവനുള്ളരെയും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.
17 അടി ആഴം, 500 വർഷ പഴക്കം
കുഴിച്ചു നോക്കലിനൊടുവിൽ സ്വീകരണ മുറിയിൽ അദ്ദേഹം കണ്ടെത്തിയത് 17 അടി ആഴമുള്ള ഒരു കിണറാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു വാൾ, ഒരു നാണയം എന്നിവയും ഉണ്ടായിരുന്നു.
കിണറിന് 500 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് ലഭിക്കുന്ന സൂചനകളെന്നാണ് കോളിൻ പറയുന്നു. കോളിൻ ആ കിണറ്റിലെ കുറച്ചു വെള്ളം കുടിച്ചു പോലും നോക്കിയിട്ടുണ്ട്.
അത് വളരെ തെളിഞ്ഞതും അരുചിയില്ലാത്തതുമായിരുന്നു. വെള്ളം ബാക്ടീരിയ പരീക്ഷണത്തിനായി കൊടുത്തിരിക്കുകയാണ്. അതിന്റെ ഫലം മികച്ചതാണെങ്കിൽ ഈ വെള്ളം കുപ്പിയിലാക്കി വിൽക്കാനും കഴിയുമെന്നാണ് കോളിന്റെ പ്രതീക്ഷ.
ആദ്യമൊന്നു ഞെട്ടി!
വീടിന്റെ തറയിലെ അസാധാരണത്വം ശ്രദ്ധയിൽപ്പെട്ടതോടെ കോളിന്റെ ചിന്ത അവിടെ ആരുടെയെങ്കിലും മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടാകുമോ എന്നതായിരുന്നു. “ഈ വീട് 1895ൽ നിർമിച്ചതാണ്.
ഞങ്ങൾ 1988 ലാണ് ഇവിടേക്കു താമസം മാറ്റുന്നത്’ കോളിൻ പറഞ്ഞു. ഏകദേശം പത്ത് വർഷം മുന്പ് ഞങ്ങൾ വീട്ടിൽ കുറച്ച് അലങ്കാരപ്പണികൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.
അപ്പോഴാണ് ഞങ്ങളുടെ മുന്നിലെ മുറിയിലെ ബേ വിൻഡോയ്ക്ക് സമീപം തറയിൽ ഒരു താഴ്ച്ച് ശ്രദ്ധയിൽപ്പെട്ടത്. ഞാൻ ഫ്ലോർ ജോയിന്റുകൾ മാറ്റി സ്ഥാപിച്ചു.
“ആരെയെങ്കിലും അവിടെ അടക്കം ചെയ്തിരിക്കണം. അല്ലെങ്കിൽ അവിടെ ഒരു സിങ്ക്ഹോൾ ഉണ്ടാകുമെന്നാണ് ഞാൻ വിചാരിച്ചത്. ആ നിമിഷം മുതൽ, അത് കുഴിച്ച് അവിടെ എന്താണെന്ന് കണ്ടെത്തണമെന്നു തീരുമാനിച്ചു.
ദ്വാരം നിലവിൽ 17 അടി ആഴത്തിലാണ്, ഏകദേശം നാലോ അഞ്ചോ അടി കൂടി ഉണ്ട്.’ അതും കൂടി കുഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും കോളിൻ വ്യക്തമാക്കി.
കിണറിന്റെ അടിയിൽ ഏകദേശം നാലടി വെള്ളമുണ്ട്, അതിനാൽ ഞാൻ ഇപ്പോൾ കുഴിക്കുന്നതെല്ലാം നനഞ്ഞതും ചീഞ്ഞതുമായ വസ്തുക്കളായിരിക്കും.
വീടിന്റെ മുന്നിലെ മുറിയിലാകെ അത്തരം വസ്തുക്കൾ വയ്ക്കുന്നത് ഭാര്യ വനേസ എത്രത്തോളം ഇഷ്ടപ്പെടുമെന്ന് അറിയില്ല.എന്തായാലും ഇപ്പോൾ കണ്ടെത്തുന്ന മുഴുവൻ വസ്തുക്കളും അവൾ വളരെ രസകരമായി കാണുന്നുണ്ട്.
കിണറിനു മുകളിലൊരു കോഫി ടേബിൾ
കുഴിച്ച് കിണറിന്റെ അടിയിൽ എത്തുന്പോൾ, ഭിത്തികൾ മുകളിലേക്ക് ഉയർത്തി അതിനു മുകളിൽ ഒരു റൗണ്ട് ടേബിൾ ടോപ് സ്ഥാപിച്ച് കോഫി ടേബിളാക്കി മാറ്റും.
എന്തുകൊണ്ടാണ് ഇവിടെ കിണർ ഉള്ളതെന്ന് ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല. പഴയ മാപ്പുകൾ പരിശോധിച്ച് അതിന്റെ ഉത്ഭവം കണ്ടെത്താൻ ഞങ്ങൾ ശ്രമിച്ചു,
പക്ഷേ ഞങ്ങൾക്ക് അത് കണ്ടെത്താനുള്ള ഭാഗ്യമുണ്ടായില്ല. എന്നാൽ കിണറിന്റെ വലിപ്പം കാണുന്പോൾ അത് മൃഗങ്ങൾക്കും രണ്ടു മൂന്നു കുടുംബങ്ങൾക്കും ഉപയോഗിക്കാവുന്നതാണെന്നാണ് കോളിന്റെ ഉൗഹം.
കിണർ കുഴിക്കുന്നതിനിടയിൽ 1725 ലെ ഒരു നാണയവും കണ്ടെത്തിയിരുന്നു. പക്ഷേ, നാണയം എപ്പോൾ വേണമെങ്കിലും കിണറിൽ നിക്ഷേപിക്കാവുന്നതാണ് അതുകൊണ്ട് അതു കിണർ നിർമിച്ച സമയത്താകണമെന്ന നിർബന്ധമില്ല.
ഇപ്പോൾ ദന്പതികളുടെ സ്വീകരണ മുറിയിലെ കിണർ നിലവിൽ ഒരു പ്ലാസ്റ്റിക്ക് ഷീറ്റും ഒരു കെണി വാതിലുംകൊണ്ട് മൂടി സുരക്ഷിതമാക്കിയിരിക്കുകയാണ്.