ചങ്ങരംകുളം:മൂക്കുതലയില്‍ വീട്ടുകാര്‍ നോക്കി നില്‍ക്കെ വീടിനോടു ചേര്‍ന്ന കിണര്‍ ഇടിഞ്ഞു താഴ്ന്നു.
മൂക്കുതല വടക്കുമുറി ശിവക്ഷേത്രത്തിനു സമീപത്തെ പെരുമ്പാത്തേല്‍ ജയപ്രകാശന്റെ വീടിനോടു ചേര്‍ന്നുള്ള 50 അടിയോളം താഴ്ചയുള്ള കിണറാണ് പുലര്‍ച്ചെ അഞ്ച് മണിയോടെ ഇടിഞ്ഞു താഴ്ന്നത്.
വലിയ ശബ്ദം കേട്ടു പുറത്തു വന്ന ജയപ്രകാശനും കുടുംബവും നോക്കി നില്‍ക്കെയാണ് കിണര്‍ പൂര്‍ണമായും തകര്‍ന്നത്.
തലനാരിഴക്കാണ് വീട്ടുകാര്‍ വലിയ ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടത്. കിണര്‍ ഇടിഞ്ഞതോടെ വീടും അപകടാവസ്ഥയിലായി.
കിണര്‍ മണ്ണടിച്ച് നികത്തി വീട് സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്‍. നൂറു ലോഡ് മണ്ണെങ്കിലും കിണര്‍ നികത്താന്‍ വേണ്ടി വരുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കിണറിന്റെ കൈവരിയും മോട്ടോറും മോട്ടോര്‍പുരയും തകര്‍ന്നു വീണിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കുടുംബത്തിനു സംഭവിച്ചത്.
പഞ്ചായത്ത് മെംബര്‍ ഫയാസ് സ്ഥലത്തെത്തി അധികൃതര്‍ക്ക് വിവരം നല്കി. സംഭവസ്ഥലം സന്ദര്‍ശിച്ചു നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടതായി ഫയാസ് പറഞ്ഞു.