തിരുവമ്പാടി: പ്രളയബാധിത മേഖലയിലെ കിണറുകൾ ശുചീകരിച്ചതിന്റെ “പിതൃത്വം’ വാർഡ് മെന്പർ ഏറ്റെടുത്തതിനെചൊല്ലി തിരുവന്പാടിയിൽ “എട്ടുകാലി മമ്മൂഞ്ഞി’ വിവാദം. തിരുവന്പാടി ടൗണിനടുത്ത മറിപ്പുറം ഉല്ലാസ് നഗറിലെ വൃത്തിഹീനമായ 34 കിണറുകൾ തിരുവന്പാടി സേക്രട്ട് ഹാർട്ട് ഇടവക വികാരിയുടെ നേതൃത്വത്തിൽ ശുചീകരിച്ചിരുന്നു.
അന്നു സ്ഥലത്തില്ലാതിരുന്ന വാർഡ് മെന്പർ പിന്നീട് കിണർ ശുചീകരിക്കുന്നതിന്റെ ചിത്രമെടുത്ത് സ്വന്തം അക്കൗണ്ടിൽ പെടുത്താൻ ശ്രമിച്ചതാണ് വിവാദമായത്. ആദ്യം വാർഡ് മെന്പറെ അനുകൂലിച്ച് രംഗത്തെത്തിയ സിപിഎം ലോക്കൽ സെക്രട്ടറി പിന്നീട് നിജസ്ഥിതി മനസിലാക്കി സാമൂഹ്യമാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്തി.
മറിയപ്പുറം മേഖലയിൽ കഴിഞ്ഞ ശനിയാഴ്ച സേക്രട്ട് ഹാർട്ട് ദേവാലയ വികാരി ഫാ.ജോസ് ഓലിയക്കാട്ടിലിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തിയിരുന്നു. എന്തെങ്കിലും ചെയ്തുതരേണ്ടതുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ തങ്ങളുടെ കിണറുകൾ ശുചീകരിച്ചാൽ മതിയെന്ന് ഉല്ലാസ്നഗറിലെ താമസക്കാർ വികാരിയെ അറിയിച്ചു. പിറ്റേന്ന് രാവിലെ 7.30 മുതൽ സന്ധ്യവരെ വൈദികന്റെ നേതൃത്വത്തിൽ പള്ളികമ്മിറ്റിയംഗങ്ങളും പതിനഞ്ചോളം കെസിവൈഎം ഭാരവാഹികളും ഉല്ലാസ് നഗറിലെത്തി കിണറുകൾ ശുചീകരിച്ചു.
കിണർ കരാറുകാരനായ ഷിജി വെണ്ണായിപ്പിള്ളിയുടെ സഹകരണത്തോടെയാണ് കിണറുകളത്രയും ശുചീകരിച്ചത്. കരാറുകാരനുള്ള തുക പള്ളിയിൽനിന്ന നൽകുമെന്ന് അറിയിക്കുകയും ചെയ്തു. വളണ്ടിയർമാർക്കും കരാറുകാരനുമടക്കം പള്ളിവക ഭക്ഷണവും നൽകി. കിണർ ശുചീകരണയജ്ഞം വാർത്തയായതോടെയാണ് ഇതിനെ വിമർശിച്ച് ചില സിപിഎം നേതാക്കൾ രംഗത്തെത്തിയത്.
“പ്രളയത്തിനിടയിലും എട്ടുകാലി മമ്മൂഞ്ഞുമാരോ?
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് തീരുമാനപ്രകാരം ഉല്ലാസ് നഗറിൽ പഞ്ചായത്ത് നിയോഗിച്ച ഷിജി വെണ്ണായിപ്പിള്ളി ശുചീകരിച്ച കിണറുകളുടെ പിതൃത്വ മേറ്റെടുത്ത് പത്രത്തിൽ ഫോട്ടോയും ന്യൂസും കൊടുത്ത അൽപ്പൻമാരെപ്പറ്റി എന്നു പറയാൻ?’ എന്നായിരുന്നു സോഷ്യൽമീഡിയയിലെ പോസ്റ്റ്. അന്നു സ്ഥലത്തേക്ക് തിരിഞ്ഞുനോക്കാതിരുന്ന വാർഡ് മെന്പർ അടുത്തദിവസം ഉല്ലാസ് നഗറിലെ കിണർശുചീകരിക്കുന്നതായ ചിത്രമെടുത്ത് തന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തിയതായി പത്രങ്ങൾക്ക് വാർത്തനൽകി.
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരുവമ്പാടി ഉല്ലാസ് നഗറിലെ കിണറുകൾ ശുചീകരിച്ചു എന്നായിരുന്നു വാർത്ത. പ്രളയത്തിൽ ചെളിയും മാലിന്യങ്ങളും കയറി ഉപയോഗശൂന്യമായ കിണറുകളും ജലസ്രോതസ്സുകളും വാർഡ് മെംബർ റംല ചോലക്കലിന്റെ നേതൃത്വത്തിൽ ശുചീകരിച്ചതായും , ഉല്ലാസ് നഗർ കോളനിയിലെയും കൊളത്താറ്റിൽ കോളനിയിലെ യൂം 34 കിണറുകളാണ് ശുചീകരിച്ചതെന്നും,തിരുവമ്പാടി പഞ്ചായത്താണ് ശുചീകരണ പ്രവർത്തികൾ നടത്തിയതെന്നും ,പഞ്ചായത്തിന്റെ കോൺട്രാക്റ്റ് എടുത്ത ഷിജി വെണ്ണായിപ്പള്ളിയും വാർഡ് മെംബർ റംല ചേലക്കലും നേതൃത്വം നൽകിയ പരിപാടിയിൽ പ്രദേശവാസികൾ അകമഴിഞ്ഞ് സഹകരിച്ചെന്നും വാർത്തയിലുണ്ട്.
മാധ്യമങ്ങളെ തെറ്റദ്ധരിപ്പിച്ച് കിണർ ശുചീകരണത്തിന്റെ പിതൃത്വം ഏറ്റെടുത്ത വാർഡ് മെന്പറുടെ നടപടിക്കെതിരെ സോഷ്യൽമീഡിയയിൽ വൻ പ്രതിഷേധമുയർന്നതോടെയാണ് സിപിഎം നേതൃത്വം ഖേദപ്രകടനവുമായി രംഗത്തെത്തിയത്.
“ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഞാനിട്ട ഒരു പോസ്റ്ററും ചർച്ചയായിരിക്കയാണു്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഫെറോനാ ചർച്ച് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായ സേവനങ്ങൾ വിലമതിക്കാനാവാത്തതാണു്. തിരുവമ്പാടിയുടെ പൊതു വികസനവുമായി ബന്ധപ്പെട്ടും മുൻകാലങ്ങളിൽ ഫെറോന ചർച്ചിന്റെ ഭാഗത്തു നിന്നും ഉണ്ടായ സംഭാവനകളെ ആദരവോടെയേ കാണാൻ കഴിയൂ.
ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഞാനിട്ട പോസ്റ്റ് ആർക്കെങ്കിലും മനോവിഷമത്തിനു് കാരണമായെങ്കിൽ ആയതിൽ, എനിക്കുള്ള ഖേദം ഇവിടെ കുറിക്കട്ടെ’. എന്നാണ് സിപിഎം ലോക്കൽ സെക്രട്ടറിയുടെ പോസ്റ്റ്. സിപിഎം ഭരിക്കുന്ന തിരുവന്പാടി പഞ്ചായത്തിലെ മറിയപ്പുറം വാർഡിന്റെ മെന്പറും സിപിഎംകാരിയാണ്. യഥാർഥത്തിൽ ആരാണിപ്പോൾ എട്ടുകാലി മമ്മൂഞ്ഞി ആയതെന്നാണ് പ്രദേശവാസികളുടെ ചോദ്യം.