കുത്തന്നൂർ: കുത്തന്നൂർ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച നൂറിൽ എഴുപതു ശതമാനം കിണറുകൾ ഉപയോഗ്യശൂന്യമാണെന്ന പരാതിയുമായി നാട്ടുകാർ. സ്വന്തമായി കുടിവെളള സ്രോതസ്സില്ലാത്ത കുടുംബങ്ങൾക്ക് ഇവയുടെ ശുദ്ധീകരണവും പുനർനിർമ്മാണവും ഏറെ ആശ്വാസമായിരിക്കുമെന്നും അധികൃതർ ഈ വിഷയത്തിൽ മുൻകൈ എടുക്കാത്തതിൽ പരാതിയുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
ഇവക്കു പകരമായി പഞ്ചായത്ത് കുഴൽകിണർ കുടിവെളള പദ്ധതി ആരംഭിച്ചെങ്കിലും കുടിവെളളത്തിനനുയോജ്യമായ ശുദ്ധജലം ലഭിക്കുന്നില്ലെന്നും അടുത്ത കാലത്തായി ആരംഭിച്ച ജപ്പാൻ കുടിവെളള പദ്ധതി കണക്ഷൻ അധിക ചിലവായതിനാൽ പാവപ്പെട്ട കുടുംബങ്ങൾക്ക് ഉപകരിക്കുന്നില്ലെന്നും കിണറുകളുടെ ശുദ്ധീകരണം ഇതിനു പരിഹാരമാണെന്നും നാട്ടുകാർ പറയുന്നു.
ഉപയോഗശൂന്യമായ കിണറുകൾ പാഴ് വസ്തുക്കൾ നിക്ഷേപിക്കാനുളള ഇടമായി മാറിയിരിക്കുകയാണ്. കുത്തന്നൂർ നടുമന്ദം, പറവണി, എന്നീ മേഖലകളിലെ മൂന്നിൽ പരം കിണറുകളാണ് ഉപയോഗ ശൂന്യമായി പാഴ് വസ്തുക്കൾകൊണ്ട് നിറഞ്ഞിരിക്കുന്നത്. കാലങ്ങളായി ഉപയോഗിക്കാത്തതിനാൽ അവയുടെ ചുമർ ഇടിഞ്ഞ് അവയിൽ നിന്ന് വിഷജന്തുക്കളുടെ ശല്യവും, ദുർഗന്ധനവും ഉണ്ടാകുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
ഇതിനെതിരെ പഞ്ചായത്തിൽ പരാതി നൽകാൻ നാട്ടുകാർ തീരുമാനിച്ചു. ഇതിനു മുൻപ് നൽകിയ പരാതിയിൽ പലയിടങ്ങളിലായി കിണറുകൾ വൃത്തിയായിരുന്നു. കുത്തനൂർ മിൽറോഡ് ബസ് സ്റ്റാൻഡിനു സമീപത്തുളള കിണർ അവയിലൊന്നാണ്. ഇരുപതിൽപരം വീടുകളിലേക്കും പരിസരത്തുളള കടകളിലേക്കും ആവശ്യമായ കുടിവെളളം ഇതിലൂടെ നല്കാൻ സാധിച്ചു.
കുത്തന്നൂർ നടുമന്ദം, പറവണി, കല്ലുകാട്, കുത്താംകല്ല് എന്നീ മേഖലകളിൽ അൻപതോളം കുടുംബങ്ങൾ സ്വകാര്യ വ്യക്തികളിൽ നിന്നാണ് കുടിവെളളം ശേഖരിക്കുന്നത്.ഈ ഭാഗത്തെ നാലിൽ പരം കിണറുകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. ഇവയുടെ പുനർനിർമ്മാണവും ശുദ്ധീകരണവും എത്രയും വേഗം തുടങ്ങാൻ പഞ്ചായത്തിൽ അപേക്ഷ നൽകുമെന്ന് പരിസരവാസികൾ പറഞ്ഞു.