കരുവാരകുണ്ട്: പേനയും കമ്പ്യൂട്ടറും പിടിച്ചു ശീലിച്ച കൈകൾ പേനയും പിക്കാസുമെടുത്തപ്പോൾ നിർധന കുടുംബത്തിന് ലഭിച്ചത് കുടിനീരുറവ.
കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ കേരള എസ്റ്റേറ്റ് കേലംമ്പറ്റയിലെ മുതുകോടൻ ബിൽക്കീസിന്റെ കുടുംബത്തിനാണ് കിണർ കുഴിച്ചു നൽകാൻ വിദ്യാർഥികൾ ഒരുമിച്ചത്.
ഇതോടെ ഒരു കുടുംബത്തിന് ചിരകാല സ്വപ്നം പൂവണിഞ്ഞു. ശുദ്ധജലം തേടി ഏറെ ദൂരം താണ്ടി വന്നിരുന്ന കുടുംബത്തിനാണ് വീട്ടുമുറ്റത്ത് തന്നെ തെളിനീരെത്തിയത്.
കിണർ കുഴിച്ചോ ഇത്തരത്തിലുള്ള ജോലികൾ ചെയ്തോ യാതൊരുവിധ പരിചയവും ഇല്ലാത്ത വിദ്യാർഥി കൂട്ടമാണ് പരിചയസമ്പന്നരിൽ നിന്നു നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ട് മനോഹരമായ കിണർ കുഴിച്ചത്.
പ്രാരംഭപ്രവർത്തനങ്ങൾ മുതൽ കിണറ്റിലിറങ്ങി വെള്ളം കണ്ടെത്തുന്നതു വരെ മുഴുവൻ പണികളും വിദ്യാർഥി കൂട്ടമാണ് നിർവഹിച്ചത് .
വീട്ടുകാരോടൊപ്പം നാട്ടുകാരും ഈ കുട്ടികളുടെ പ്രവർത്തനങ്ങളിൽ സന്തോഷവും സംതൃപ്തിയും രേഖപ്പെടുത്തി.