കോട്ടയം: പള്ളിക്കത്തോട് മുക്കാലിയിൽ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവം മുങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിശദമായ പരിശോധനക്കായി ആന്തരിക അവയവങ്ങൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയച്ചു.
മുക്കാലി ചക്കാന്പുഴ ജയിംസിന്റെ മകൻ അബിയു(20)ടെ മൃതദേഹമാണ് ഇന്നലെ രാവിലെ 6.30നു മുക്കാലി എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിന്റെ തെക്കുവശത്തുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി 11മുതൽ അബിനെ കാണാനില്ലെന്നു കാണിച്ചു ബന്ധുക്കൾ പള്ളിക്കത്തോട് പോലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച രാത്രി വരെ സുഹൃത്തുക്കൾക്കൊപ്പം അബിൻ ഉണ്ടായിരുന്നു. അവിടെ നിന്ന് വീട്ടിലേക്കുപോയ അബിനെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാൽവഴുതി കിണറ്റിൽ വീണതാകാമെന്നാണ് പോലീസ് കരുതുന്നത്.
അബിയുടെ വീട്ടിലേക്ക് പോകാനുള്ള വഴികളിൽ ഒന്ന് പൊട്ടക്കിണറിനു സമീപത്തുകൂടിയാണെന്ന് പോലീസ് പറഞ്ഞു. മറ്റു വഴികളുമുണ്ട്. മരണത്തിൽ സംശയമുള്ളതായി ആരും പരാതി നല്‍കിയിട്ടില്ലെന്ന് പള്ളിക്കത്തോട് എസ്ഐ വ്യക്തമാക്കി.
മുങ്ങി മരണം എന്ന നിലയിലാണ് ഇപ്പോൾ കേസ് അന്വേഷണം നീങ്ങുന്നത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണ കാരണം എന്താണെന്ന് വ്യക്തമാകു എന്നും പോലീസ് പറഞ്ഞു. അബിയുടെ സുഹൃത്തുക്കളിൽ നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്.