ഇന്ത്യ വികസന കുതിപ്പിൽ ഓരോ നിമിഷവും പാഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പറയുന്പോഴും രാജ്യത്തുള്ള ഓരോരുത്തരെയും പട്ടിണിയും ദാരിദ്രവും ശാപമായി പിടികൂടിയിരിക്കുകയാണ്.എന്നാൽ സന്പന്നരായവർ ഓരോരുത്തരും തങ്ങളുടെ വീട്ടിൽ വാങ്ങി വച്ചിരിക്കുന്ന വസ്തുക്കളിൽ ഒരു ശതമാനം യാതൊരു തരത്തിലും ഉപയോഗിക്കാതെ മാറ്റിവെച്ചിട്ടുമുണ്ട് എന്നത് മറ്റൊരു സത്യമാണ്. ഇപ്പോഴിതാ ദരിദ്രരെ സംരക്ഷിക്കാൻ പുതിയ പദ്ധതിയുമായി രംഗപ്രവേശനം ചെയ്തിരിക്കുകയാണ് തമിഴ്നാട്ടിലെ ഒരു യുവകളക്ടർ.
ദരിദ്രരായ ആളുകളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുൻപിൽ കണ്ട് “വാൾ ഓഫ് കൈൻഡ്നസ്’ എന്ന പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ് തിരുനെൽവേലി കളക്ടറായ സന്ദീപ് നന്ദുരി. പണം കൊടുത്ത് പുതിയ വസ്തുക്കൾ വാങ്ങാൻ കഴിവില്ലാത്തവരെ സഹായിക്കുന്നതിന് കളക്ടറേറ്റിനു സമീപം നിർമിച്ചിരിക്കുന്ന ഷെൽഫിൽ പഴയതും ഉപയോഗിക്കാൻ കഴിയുന്നതുമായ വസ്ത്രങ്ങളും പുസ്തകങ്ങളും കളിപ്പാട്ടങ്ങളും ആർക്കും നിക്ഷേപിക്കാം. ആവശ്യക്കാർക്ക് അത് എടുക്കുകയും ചെയ്യാം. വിവിധ വർണങ്ങളാൽ അലങ്കരിച്ചിരിക്കുന്ന നന്മമതിലിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് : “നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽ ഇവിടെ നിക്ഷേപിക്കു, നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ഇത് സ്വീകരിക്കു’.
എല്ലാ വീടുകളിലും കേടുപാടുകൾ പറ്റാത്ത നിരവധി വസ്തുക്കൾ ഉപയോഗശൂന്യമായി കിടക്കുന്നുണ്ടെന്ന് സന്ദീപ് ചൂണ്ടിക്കാട്ടുന്നു. ആർക്കും ഉപയോഗിക്കാനാകാതെ അത് നശിക്കുകയാണെന്നും സത്യത്തിൽ അർഹതപ്പെട്ടവർ ഉപയോഗിക്കുന്പോഴാണ് അതിന് അർഥമുണ്ടാകുന്നതെന്നും അദ്ദേഹം പറയുന്നു. എന്നും നിരവധിയാളുകൾ വന്നു പോകുന്ന സ്ഥലമാണ് കളക്ട്രേറ്റ്. ഇവിടെ വരുന്ന സാധാരണക്കാരായ ആളുകൾക്ക് ഉപയോഗപ്രദമാകുമെന്നതിനാലാണ് ഇത് ഇവിടെ സ്ഥാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതി വിജയകരമായി തീരുകയാണെങ്കിൽ നഗത്തിലെ മറ്റ് സ്ഥലങ്ങളിൽ കൂടി ഇത്തരത്തിൽ ആളുകളെ സഹായിക്കുന്ന പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ഈ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ആളുകളിൽ നിന്നും ലഭിക്കുന്നത്. ബുക്കും പുസ്തകങ്ങളും കളിപ്പാട്ടങ്ങളും ഉൾപ്പടെ നിരവധി വസ്തുക്കൾ ആളുകൾ ഇതിൽ നിക്ഷേപിക്കുന്നുമുണ്ട്. മറ്റുള്ളവരെ സഹായിക്കുക എന്നത് ഒരു ജോലിയായി കാണാതെ ഉത്തരവാദിത്വമായി കാണാനാണ് ഈ കളക്ടർ ബ്രോ പഠിപ്പിക്കുന്നത്.