സ്വന്തംലേഖകൻ
തൃശൂർ: പുഴയ്ക്കൽ പാടത്ത് വ്യവസായ പാർക്ക് തുടങ്ങാൻ ഏറ്റെടുത്ത 27 ഏക്കർ നെൽപാടം മണ്ണിട്ട് നികത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കിൻഫ്ര നൽകിയ അപേക്ഷ കൃഷി വകുപ്പ് നിരസിച്ചു. ഇതോടെ വ്യവസായ പാർക്ക് തുടങ്ങാനുള്ള വർഷങ്ങളായുള്ള തൃശൂരിന്റെ സ്വപ്നം പൊലിഞ്ഞു.
ഈ സ്ഥലം വിശാലമായ പാടശേഖരത്തിന്റെ ഭാഗമാണെന്നും ഭൂമി മണ്ണിട്ടു നികത്തുന്നത് വെള്ളത്തിന്റെ നീരൊഴുക്ക് തടസപ്പെടുന്നതിനും സമീപ പ്രദേശത്തെ നെൽകൃഷിയെ ബാധിക്കുന്നതിന് ഇടയാക്കുമെന്നും വ്യക്തമാക്കിയാണ് അപേക്ഷ നിരസിക്കുന്നതെന്ന് അണ്ടർ സെക്രട്ടറി മേഴ്സി ഗബ്രിയേൽ നൽകിയ സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.
വർഷങ്ങൾക്കുമുന്പ് ഈ സ്ഥലം വ്യവസായ പാർക്ക് തുടങ്ങാൻ സർക്കാർ ഏറ്റെടുത്തതാണ്. അവിടെ കിൻഫ്രയുടെ ബോർഡും സ്ഥാപിച്ചിരുന്നു. ഇവിടെ കേരളത്തിൽ തന്നെ ഏറ്റവും വലിയ വ്യവസായ പാർക്കെന്ന രീതിയിലാണ് വിഭാവനം ചെയ്തിരുന്നത്.
എന്നാൽ പാടം മണ്ണിട്ടു നികത്തി വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം നേരത്തെയും ഉയർന്നിരുന്നു. കഴിഞ്ഞ 24നാണ് ഇവിടെ വ്യവസായ പാർക്ക് തുടങ്ങാൻ അനുമതി നിഷേധിച്ചതായി കൃഷി വകുപ്പിന്റെ ഉത്തരവ് കിൻഫ്ര മാനേജിംഗ് ഡയറക്ടർക്ക് ലഭിച്ചത്.
ഇതോടെ വ്യവസായ പാർക്ക് തുടങ്ങാൻ ഏറ്റെടുത്ത സ്ഥലത്ത് ഒന്നും ചെയ്യാനാകാത്ത സാഹചര്യമായി. വ്യവസായ പാർക്ക് തുടങ്ങാൻ ഏറ്റെടുത്ത സ്ഥലത്തിന്റെ കിഴക്ക്, വടക്ക് അതിരുകളിൽ നിലവിൽ നെൽകൃഷി ചെയ്തുവരുന്നുണ്ട്. അതുകൊണ്ട് മണ്ണിട്ട് നികത്തിയാൽ നീരൊഴുക്ക് തടസപ്പെടുമെന്നാണ് കാരണമായി പറഞ്ഞിരിക്കുന്നത്.
അപേക്ഷാ സ്ഥലത്തുള്ള കുളങ്ങൾ ജല സംരക്ഷണത്തിനായി നിർമിച്ചിട്ടുണ്ടെങ്കിലും അവ അപര്യാപ്തമാണെന്നും പരിശോധനയിൽ വ്യക്തമായതായി കൃഷി വകുപ്പ് അറിയിച്ചു. ഇവിടെ വ്യവസായ സ്ഥാപനങ്ങൾ സ്ഥാപിച്ചാൽ ഗുരുതരമായ പാരിസ്ഥിത പ്രശ്നങ്ങളുണ്ടാകുമെന്നും അപേക്ഷ നിരസിച്ചുകൊണ്ട് കൃഷി വകുപ്പ് കിൻഫ്രയ്ക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.