കർണാടകയിലെ അഗുംബെയിൽ നിന്ന് 12 അടി നീളമുള്ള രാജവെമ്പാലയെ കഴിഞ്ഞ ദിവസം വന്യജീവി ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി വനത്തിലേക്ക് വിട്ടയിച്ചിരുന്നു.
അഗുംബെ റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷനിലെ (എആർആർഎസ്) ഫീൽഡ് ഡയറക്ടർ അജയ് ഗിരിയാണ് സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ദൃശ്യങ്ങൾ പെട്ടെന്ന് വൈറലാവുകയും അമ്പരപ്പിക്കുകയും ചെയ്തു.
അടിക്കുറിപ്പിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ അനുസരിച്ച്, റോഡ് മുറിച്ച് കടക്കുമ്പോഴാണ് പാമ്പിനെ നാട്ടുകാർ ആദ്യം കണ്ടത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തുകയും ചെയ്തു.
സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് ആവശ്യമായ മുൻകരുതലുകളെ കുറിച്ച് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് നിർദേശം നൽകിയിരുന്നു. മരത്തിൽ തൂങ്ങിക്കിടക്കുന്ന രാജവെമ്പാലയുടെ ശ്രദ്ധ അജയ് തന്റെ നേർക്ക് തിരിക്കുന്നതും, ശ്രദ്ധാപൂർവ്വം പാമ്പിനെ പുറത്തെടുക്കുന്നതും വീഡിയോയിൽ കാണാം.
തുടർന്ന് പാമ്പിനെ പിടികൂടിയതിന് പിന്നാലെ ഉദ്യോഗസ്ഥർ പ്രദേശവാസികൾക്ക് ബോധവൽക്കരണ പരിപാടിയും വിജ്ഞാനപ്രദമായ ലഘുലേഖകളും വിതരണം ചെയ്തു. പിന്നീട് നാട്ടുകാരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പാമ്പിനെ കാട്ടിലേക്ക് തുറന്നുവിട്ടു.
നാല് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ 5 ലക്ഷത്തിലധികം കാഴ്ചകൾ നേടി. സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് വ്യത്യസ്തമായ പ്രതികരണങ്ങളാൽ കമന്റ് സെക്ഷൻ നിറയുകയും ചെയ്തു.