മുംബൈ: വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ കിംഗ്ഫിഷർ വില്ല ലേലത്തിൽ വിറ്റു. വാങ്ങാൻ ആരും തയാറാകാത്തതിനാൽ നിരവധി തവണ കിംഗ്ഫിഷർ വില്ല ലേലത്തിനു വച്ചിരുന്നു. ഒടുവിൽ ഇളവുകൾ നല്കി സച്ചിൻ ജോഷിക്ക് ലേലക്കാർ വിൽക്കുകയായിരുന്നു.
കിംഗ്ഫിഷർ വില്ലയ്ക്ക് അടിസ്ഥാന വില 73 കോടി രൂപയായിരുന്നു അവസാനം നിശ്ചയിച്ചിരുന്നത്. ഇതും കൂടുതലാണെന്നു അഭിപ്രായമുണ്ടായിരുന്നെ ങ്കിലും ഏറ്റെടുക്കാൻ ജോഷി തീരുമാനിക്കുകയായിരുന്നു.
ജെഎംജെ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ വൈസ് ചെയർമാനാണ് സച്ചിൻ ജോഷി. ഫിറ്റ്നെസ് സെന്ററുകൾ ആരോഗ്യമേഖലയിൽ വലിയ രീതിയിൽ വ്യാപിച്ചുകിടക്കുന്നതാണ് ജോഷിയുടെ ബിസിനസ് സാമ്രാജ്യം. വൈക്കിംഗ് മീഡിയ എന്റർടെയ്ൻമെന്റ് എന്ന സ്വന്തം സിനിമാക്കന്പനി നിർമിച്ച ആസാൻ, മുംബൈ മിറർ, ജാക്പോട്ട് തുടങ്ങിയ ഹിന്ദി സിനിമകളിൽ ജോഷി അഭിനയിച്ചിട്ടുണ്ട്.
ഗോവയിൽ കടലിനോടു ചേർന്നുള്ള കിംഗ്ഫിഷർ വില്ലയ്ക്ക് ആദ്യം 85 കോടി രൂപയായിരുന്നു അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. വാങ്ങാൻ ആരും എത്താത്തതിനാൽ ഡിസംബറിൽ അടിസ്ഥാന വില 81 കോടി രൂപയായി താഴ്ത്തി. എന്നിട്ടും ആരും താത്പര്യം പ്രകടിപ്പിച്ച് എത്താത്തതിനാൽ കഴിഞ്ഞ മാസം അടിസ്ഥാന വില 73 കോടിയായി താഴ്ത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കൺസോർഷ്യം 2016 മേയ് മുതൽ കിംഗ്ഫിഷർ വില്ല ലേലത്തിൽ വിൽക്കാൻ ശ്രമിച്ചുവരി കയായിരുന്നു.