മൊഹാലി: ഐപിഎൽ ടീം കിംഗ്സ് ഇലവൻ പഞ്ചാബുമായുള്ള ബന്ധം അവസാനിപ്പിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. പഞ്ചാബ് ടീമിന്റെ മെന്റർ സ്ഥാനം ഒഴിയുകയാണെന്ന് സെവാഗ് വ്യക്തമാക്കി. തന്റെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം.
കിംഗ്സ് ഇലവൻ പഞ്ചാബുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണ്. എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ട്. കിംഗ്സ് ഇലവൻ പഞ്ചാബുമൊത്തുള്ള നിമിഷങ്ങൾ വളരെ മികച്ചതായിരുന്നു. ടീമിലെ താരമെന്ന നിലയിൽ രണ്ട് വർഷവും ടീമിന്റെ മെന്റർ എന്ന നിലയിൽ മൂന്ന് വർഷവും പ്രവർത്തിച്ചു. എല്ലാവർക്കും നന്ദി- സെവാഗ് ട്വിറ്ററിൽ കുറിച്ചു.
2014-ൽ ആണ് സെവാഗ് പഞ്ചാബ് ടീമിലെത്തുന്നത്. കിംഗ്സിനായി 25 കളികളിൽ 554 റണ്‍സ് സെവാഗ് നേടി. 2016 മുതൽ 2018 വരെയുള്ള മൂന്ന് സീസണുകളിൽ കിംഗ്സ് ഇലവന്റെ മെന്ററും ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടറുമായിരുന്നു സെവാഗ്. ബോളിവുഡ് നടി പ്രീറ്റി സിന്റയുടെ ഉടമസ്ഥതയിലുള്ളതാണ് കിംഗ്സ് ഇലവൻ പഞ്ചാബ് ടീം.