ഇൻഡോർ: കെ.എൽ രാഹുലിന്റെ ഒറ്റയാൾ പോരാട്ടത്തിനു മുന്നിൽ രാജസ്ഥാൻ റോയൽസ് വീണു. ലീഗിലെ അവസാനക്കാരായ രാജസ്ഥാനെ ആറു വിക്കറ്റിന് കിംഗ്സ് ഇലവൻ പഞ്ചാബ് പരാജയപ്പെടുത്തി. രാജസ്ഥാൻ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം പഞ്ചാബ് എട്ടു പന്തുകൾ ബാക്കിനിൽക്കെ മറികടന്നു.
രാഹുലിന്റെ (84) ക്ലാസ് അർധ സെഞ്ചുറിയാണ് പഞ്ചാബിനു വിജയം സമ്മാനിച്ചത്. ആദ്യപന്തുമുതൽ വിജയത്തിലേക്കുള്ള ബൗണ്ടറിവരെ നീളുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. ഇതിനിടയിൽ 54 പന്തുകൾ നേരിട്ട കെ.എൽ.ആർ മൂന്നു സിക്സും ഏഴു ബൗണ്ടറിയും നേടി. കരുൺ നായരും (31) സ്റ്റോണിസും (പുറത്താകാതെ 23) മാത്രമാണ് രാഹുലിനെ കൂടാതെ പഞ്ചാബിന്റെ ഇന്നിംഗ്സിൽ രണ്ടക്കം കടന്നത്.
നേരത്തെ ജോസ് ബട്ലറുടെ അർധ സെഞ്ചുറിയുടെ ബലത്തിലാണ് രാജസ്ഥാൻ ഭേദപ്പെട്ട സ്കോറിലെത്തിയത്. സഞ്ജു സാംസണും (28) ക്യാപ്റ്റൻ രഹാനെയ്ക്കും (5) വീണ്ടും തിളങ്ങാനാവാതെ പോയത് രാജസ്ഥാന്റെ ഇന്നിംഗ്സിനെ പിറകോട്ടടിച്ചു. സഞ്ജു ഇത്തവണയും കൊതിപ്പിച്ചു തുടങ്ങിയെങ്കിലും ഉത്തരവാദിത്തരഹിതമായി ബാറ്റ് വീശി ബൗണ്ടറിയിൽ പിടികൊടുത്ത് മടങ്ങി.
കൂറ്റൻ അടിക്കാരൻ ബെൻസ്റ്റോക്ക് തോൽവിയാണെന്നു വീണ്ടും തെളിയിച്ചതോടെ അവസാന ഓവറുകളിലും ആഞ്ഞടിക്കാൻ ആളില്ലാതായി. പരാജയത്തോടെ ലീഗിൽ രാജസ്ഥാന്റെ അവസ്ഥ കൂടുതൽ പരിങ്ങലിലായി.