ലണ്ടൻ: ബ്രിട്ടന് ആഘോഷമായി രാജകീയ വിവാഹം. വിൻഡ്സർ കാസിലിലെ സെന്റ് ജോർജ് ചാപ്പലിൽ ഇന്നലെ നടന്ന ചടങ്ങിൽ ഹാരി രാജകുമാര(33)നും യുഎസ് നടി മെഗൻ മാർക്കിളും(36) വിവാഹിതരായി. എലിസബത്ത് രാജ്ഞി, ഭർത്താവ് ഫിലിപ്പ് രാജകുമാരൻ, ചാൾസ് രാജകുമാരൻ എന്നിവരടക്കം അറുന്നൂറു പേർ ചടങ്ങിനു സാക്ഷ്യം വഹിച്ചു. ആംഗ്ലിക്കൻ സഭാ മേധാവിയായ കാന്റർബറി ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബി വിവാഹം ആശീർവദിച്ചു. യുഎസിൽനിന്നുള്ള ആഫ്രിക്കൻ വംശജനായ ബിഷപ് മൈക്കിൾ ബ്രൂസ് കറി വിവാഹസന്ദേശം നല്കി.
ഒരു മണിക്കൂർ നീണ്ട ചടങ്ങുകൾക്കു ശേഷം പള്ളിക്കു പുറത്തിറങ്ങിയ ദന്പതികൾ, കാത്തുനിന്ന ആരാധകരെ അഭിവാദ്യം ചെയ്തു. തുടർന്ന് പരന്പരാഗത രീതിയിൽ കുതിരവണ്ടിയിൽ നഗരത്തിൽ ഘോഷയാത്ര നടത്തിയ ശേഷം വിൻഡ്സർ കാസിലിലിലേക്കു മടങ്ങി. രാജകീയ വിവാഹം ആഘോഷിക്കാനായി ഒരു ലക്ഷത്തിലധികം ആരാധകരാണ് വിൻഡ്സറിലെ തെരുവുകളിൽ എത്തിച്ചേർന്നത്.
എലിസബത്ത് രാജ്ഞിയുടെ മകൻ ചാൾസ് രാജകുമാരന്റെയും പരേതയായ ഡയാന രാജകുമാരിയുടെയും മകനായ ഹാരി ബ്രിട്ടീഷ് കിരീടാവകാശികളിൽ ആറാമനാണ്. ലോസ് ആഞ്ചലസിൽ ജനിച്ച മെഗൻ ടെലിവിഷൻ നടിയായിരുന്നു. 2016 ജൂണിലാണു ഹാരിയെ പരിചയപ്പെട്ടത്. തുടർന്നു പ്രണയത്തിലായി. മെഗന്റെ രണ്ടാം വിവാഹമാണിത്. 2011ൽ ട്രീവർ എംഗൽസണ്ണിനെ വിവാഹം ചെയ്തെങ്കിലും രണ്ടു വർഷത്തിനകം ആ ബന്ധം അവസാനിച്ചു.
അനുസരണാ വാഗ്ദാനം ഇല്ല
മെഗന്റെ വിവാഹപ്രതിജ്ഞയിൽ അനുസരണാ വാഗ്ദാനം ഇല്ല. ഹാരിയുടെ അമ്മ ഡയാനയും വില്യമിന്റെ ഭാര്യ കേറ്റ് മിഡിൽട്ടണും ഈ വാഗ്ദാനം ചെയ്തില്ലായിരുന്നു. സന്തോഷത്തിലും ദുഃഖത്തിലും സന്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സ്നേഹത്തിലും ആനന്ദത്തിലും മരണം വരെ ദൈവത്തിന്റെ നിയമം അനുസരിച്ച് ഹാരിയുടെ ഭാര്യയായിരിക്കുമെന്നാണ് മെഗൻ പ്രതിജ്ഞ ചെയ്തത്.
മെഗന്റെ കുടുംബത്തിൽനിന്ന് അമ്മ മാത്രം
കെങ്കേമമായി നടന്ന വിവാഹത്തിൽ മെഗന്റെ കുടുംബത്തിൽനിന്നു പങ്കെടുത്തത് അമ്മ ഡോറിയ റാഗ്ലാൻഡ് മാത്രം. മെഗന്റെ അച്ഛൻ തോമസ് മാർക്കിൾ ഹൃദ്രോഗത്തെത്തുടർന്ന് വിവാഹത്തിൽ പങ്കെടുത്തില്ല. ചാൾസ് രാജകുമാരനാണ് അച്ഛന്റെ സ്ഥാനത്തു നിന്ന് മെഗനെ പള്ളിയിലേക്ക് ആനയിച്ചത്.
പരിചാരകനായി ജോർജും സഖിയായി ഷാർലെറ്റും
വില്യമിന്റെ മൂന്നും നാലും വയസുള്ള മക്കളായ ഷാർലറ്റും ജോർജും യഥാക്രമം വധുവിന്റെ സഖിയും പരിചാരകനുമായി. ആറു സഖിമാരും പത്തു പരിചാരകരുമാണ് വധുവിനുണ്ടായിരുന്നത്. എല്ലാവരും ഹരിയുമായും മെഗനുമായും ബന്ധമുള്ളവർ.
ദന്പതികൾ ഇനി സസക്സിലെ പ്രഭുവും പ്രഭ്വിയും
ഹാരി-മെഗൻ ദന്പതികൾക്കു സസക്സിലെ ഡ്യൂക്ക്, ഡച്ചസ് പദവികൾ എലിസബത്ത് രാജ്ഞി നല്കി. ഹാരിയുടെ ജേഷ്ഠ്യൻ വില്യം വിവാഹിതനായതിനു പിന്നാലെ കേംബ്രിജിലെ ഡ്യൂക് പദവി നല്കിയിരുന്നു.
സെലിബ്രിറ്റികൾ
രാജകീയ വിവാഹത്തിൽ സെലിബ്രിറ്റികൾക്കു പഞ്ഞമില്ലായിരുന്നു. ഇന്ത്യൻ നടി പ്രിയങ്ക ചോപ്ര, അമേരിക്കൻ സെലിബ്രിറ്റി ഓപ്ര വിൻഫ്രെ, ഹോളിവുഡ് നടൻ ജോർജ് ക്ലൂണി, ഫുട്ബോൾ താരം ഡേവിഡ് ബെക്കാം, സർ എൽട്ടൻ ജോൺ, ടെന്നീസ് താരം സെറീന വില്യംസ് തുടങ്ങിയവർ പങ്കെടുത്തു.
വിവാഹം സർക്കാർ പരിപാടി അല്ലാത്തതിനാൽ പ്രധാനമന്ത്രി തെരേസാ മേയെ ക്ഷണിച്ചില്ല. മുൻ പ്രധാനമന്ത്രി സർ ജോൺ മേജർ പങ്കെടുത്തു. വിഷിടാതിഥികൾക്കു പുറമേ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ 1200 പേർക്ക് വിൻഡ്സർ കാസിലിലേക്കു ക്ഷണമുണ്ടായിരുന്നു.
വിശിഷ്ടാതിഥികളായ അറുന്നൂറു പേർക്കു സെന്റ് ജോർജ് ഹാളിൽ എലിസബത്ത് രാജ്ഞി വിരുന്നു നല്കി. വൈകിട്ട് ദന്പതികൾക്കായി ചാൾസ് ഒരുക്കിയ വിരുന്നിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ ഇരുന്നൂറു പേർ പങ്കെടുത്തു.