തളിപ്പറമ്പ്: 28 അടി ആഴമുള്ള കിണറ്റില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ വൈല്‍ഡ് ലൈഫ് റസ്ക്യൂ അംഗം രക്ഷപ്പെടുത്തി.
പട്ടുവം മാധവനഗറിലെ ടി.പി. ഗംഗാധരന്റെ വീട്ടിലെ കിണറ്റിലാണ് മൂര്‍ഖനെ കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് ഫോറസ്റ്റ് സ്റ്റേഷനിലെ ആര്‍ആര്‍ടി അംഗവും കൂടിയായ വൈല്‍ഡ് ലൈഫ് റസ്ക്യു അംഗം ഷാജി ബക്കളം സ്ഥലത്തെത്തി പാമ്പിനെ രക്ഷിക്കുകയായിരുന്നു.
ദിവസവും തന്റെ വീട്ടു കിണര്‍ നിരീക്ഷിക്കുന്ന വ്യക്തിയാണ് ഗംഗാധരന്. കഴിഞ്ഞ ദിവസവും ഇതുപോലെ കിണര്‍ നിരീക്ഷിച്ചപ്പോഴാണ് പാമ്പിനെ കിണറ്റില്‍ കണ്ടെത്തിയത്.
പാമ്പിനെ കരയ്ക്ക് കയറ്റുന്നതിനു വേണ്ടി ഗംഗാധരന് കിണറ്റിലേക്ക് കയറിട്ട് കൊടുത്തെങ്കിലും രക്ഷപ്പടുത്താനുള്ള ശ്രമം പരാജയപ്പെട്ടു.
പിന്നീട് ഗംഗാധരന് ഫയര്‍ ആന്‍ഡ് റസ്ക്യു ഫോഴ്സിലെ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടു. പാമ്പിനെ പിടികൂടി രക്ഷപ്പെടുത്താനുള്ള നിയമം അനുവദിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥന് അറിയിച്ചതിനെ തുടര്‍ന്ന് ഗംഗാധരന് തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസുമായി ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നു.
കിണറ്റില്‍ ഇറങ്ങാതെ തന്നെ റിംഗുകളുള്ള ഹാങ്ങര്‍ ഉപയോഗിച്ച് പരിക്കുപറ്റാതെ പാമ്പിനെ കിണറ്റില്‍ നിന്നും റസ്ക്യു അംഗം ഷാജി പുറത്തേക്കെടുക്കുകയായിരുന്നു.
രണ്ടു വയസ് പ്രായമുള്ള മൂര്‍ഖന്‍ നാലടി നീളമുണ്ട്. ഫോറസ്റ്റ് ഓഫീസില്‍ റിപ്പോര്‍ട്ട് നല്കിയ ശേഷം പാമ്പിനെ അതിന്റെ ആവാസസ്ഥലത്തേക്ക് വിട്ടയച്ചു.