കോഴഞ്ചേരി: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്നെത്തിച്ചു സാധാരണ നിലയില്‍ സിസേറിയന് നടത്തിയ യുവതിക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ ആശുപത്രിയില്‍ ഇതേ വാര്‍ഡില്‍ കഴിഞ്ഞിരുന്ന മറ്റു രോഗികളും കൂട്ടിരിപ്പുകാരും ഭീതിയിലായി.
സിസേറിയനു മുമ്പ് ട്രൂനാറ്റ് പരിശോധനയില്‍ യുവതിക്ക് നെഗറ്റീവായിരുന്നു. പിന്നീട് സ്രവ സാമ്പിളുകള്‍ ശേഖരിച്ചു നടത്തിയ പരിശോധനയില്‍ പോസിറ്റീവാകുകയായിരുന്നു. സിസേറിയനുശേഷം ഇവരെ ഐസൊലേഷനിലാക്കിയിരുന്നില്ല. ഇതോടെയാണ് ഭീതിയായത്.
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ സമ്പര്ക്കപ്പട്ടികയിലുള്ളയാളായിരുന്നു യുവതി. ഇവര്‍ക്ക് ജില്ലാ ആശുപത്രിയില്‍ നടത്തിയ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 15 പേരെ നിരീക്ഷണത്തിലാക്കി.
ഇവരെ കിടത്തി ചികിത്സിച്ചിരുന്ന വാര്‍ഡ് താത്കാലികമായി അടച്ചു. വാര്‍ഡിലുണ്ടായിരുന്ന അഞ്ചുപേരെ ഇന്നലെ റാപ്പിഡ് ആന്റിജന്‍ പരിശോധനയ്ക്കു വിധേയരാക്കി. ഫലം നെഗറ്റീവാണ്.