കോഴിക്കോട് : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൈകഴുകാനായി സ്ഥാപിച്ച കിയോസ്കുകള്‍ ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു. മാസങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന കിയോസ്കുകളാണ് ഭീഷണി സൃഷ്ടിക്കുന്നത്.
കോവിഡ് പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് കൈകഴുകള്‍ കിയോസ്കുകള്‍ സ്ഥാപിച്ചത്. വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിരോധന പ്രവര്‍ത്തനത്തിന്റെ ഭാഗമായി നാട്ടിലും നഗരത്തിലുമെല്ലാം കിയോസ്കുകള്‍ സ്ഥാപിച്ചു.
എന്നാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണോടു കൂടി ഇത്തരം കിയോസ്കുകള്‍ ഉപയോഗിക്കാതെയായി. ആളുകള്‍ പുറത്തിറങ്ങാതായതോടെ കിയോസ്കുകളുടെ ആവശ്യവും കുറഞ്ഞു. പലയിടത്തും സ്ഥാപിച്ച കിയോസ്കുകള്‍ നോക്കുകുത്തി മാത്രമായി മാറി.
വെള്ളം സംഭരിക്കാനായി സ്ഥാപിച്ച ടാങ്കുകളില്‍ പലതും തുറന്നിട്ട നിലയിലാണുള്ളത്. പലയിടത്തും ഇത്തരം ടാങ്കിലുള്ള വെള്ളം പോലും മാറ്റിയിട്ടില്ല. അനക്കമില്ലാതെ കെട്ടികിടക്കുന്ന വെള്ളത്തില്‍ കൊതുകള്‍ മുട്ടയിട്ട് പെരുകും. ഇത് പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാവുമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.
വേനല്‍മഴ പെയ്തതോടെ ഒഴിഞ്ഞു കിടക്കുന്ന ടാങ്കിലും മഴവെള്ളം കെട്ടികിടക്കുന്നുണ്ട്. ബസ് സ്റ്റാന്‍ഡുകള്‍, തിരക്കേറിയ സ്ഥലങ്ങള്‍ ബസ്സ്റ്റോപ്പുകള്‍, അങ്ങാടികള്‍ എന്നിവിടങ്ങളിലെല്ലാം കിയോസ്കുകള്‍ ഇപ്പോഴുമുണ്ട്.
ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആളുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയെങ്കിലും റോഡരികിലും മറ്റും സ്ഥാപിച്ച കിയോസ്കുകളില്‍ പലതും ഉപയോഗിക്കുന്നില്ല. എത്രയും വേഗം ഉപയോഗ ശൂന്യമായി കിയോസ്കുകള്‍ മാറ്റിയില്ലെങ്കിലും മഴക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയേറെയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കി.