കുളത്തുപ്പുഴ : കുളത്തുപ്പുഴ നെടുവന്നൂര്‍കടവില്‍ കെഐപി ഭൂമിയില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ സ്വകാര്യ വ്യക്തി മുറിച്ചു കടത്തി. കെഐപി മീന്‍ ഉല്‍പ്പാദന കേന്ദ്രത്തിന് വിട്ടുനല്‍കിയ ഭൂമിയില്‍ നിന്നുമാണ് മരങ്ങള്‍ മുറിച്ചു കടത്തിയിരിക്കുന്നത്. 80 സെന്റില്‍ അധികം ഭൂമിയില്‍ നിന്നുമാണ് റബ്ബര്‍, കമുക്, തെങ്ങ് തുടങ്ങിയ മരങ്ങള്‍ മുറിച്ചു നീക്കിയിരിക്കുന്നത്. തന്റെ ഭൂമിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചു ഭൂഉടമ ഇവിടെയുള്ള മരങ്ങള്‍ മറിച്ചു വില്‍ക്കുകയാണ് ഉണ്ടായതെന്ന് പറയുന്നു.
മരങ്ങള്‍ മുറിച്ചുനീക്കി നിരവധി ലോഡുകള്‍ പോയതിന് ശേഷമാണ് കെ ഐ പി അധികൃതര്‍ സംഭവം അറിയുന്നത് തന്നെ. ഉടന്‍ തന്നെ കുളത്തുപ്പുഴ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പരാതി നല്കി മിനിട്ടുകള്‍ക്കകം നല്കിയ പരാതി കെഐപി അധികൃതര്‍ പിന്‍വലിച്ചു.
ഉന്നത രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് പരാതി പിന്‍വലിച്ചത് എന്നാണു സൂചന. സര്‍ക്കാര്‍ ഭൂമിയിലെ മരം മുറി വിവാദമായതോടെ നിസാര തുക പിഴ ഈടാക്കി സംഭവം ഒതുക്കി തീര്‍ക്കാനാണ് അധികൃതരുടെ നീക്കം.
നെടുവന്നൂര്‍കടവില്‍ കെഐപിയുടെ ഉടമസ്ഥതയിലുള്ള ഏക്കര്‍ കണക്കിന് ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ കൈയേറിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഭൂമി സര്‍വേനടത്തി തിരിച്ചുപിടിക്കുമെന്ന് കെഐപി അധികൃതര്‍ പറഞ്ഞിരുന്നുവെങ്കിലും നടപടി ഉണ്ടായിട്ടില്ല.
ഇതിനുപിന്നിലും രാഷ്ട്രീയ ഉദ്യോഗസ്ഥ തലങ്ങളിലെ ഉന്നതരുടെ ഇടപെടീല്‍ ഉണ്ടെന്ന ആക്ഷേപം നിലനില്‍ക്കെയാണ് അതെ ഭൂമിയില്‍ നില്ക്കുന്ന മരങ്ങള്‍ മുറിച്ചു കടത്തിയതും. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ഉദ്യോഗസ്ഥ രാഷ്ട്രീയ ലോബികളുടെ ഒത്താശയോടെ നടത്തിയ ഭൂമി കൈയേറ്റവും മരം മുറിക്കലിനും നേതൃത്വം നല്‍കിയവരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു