കൊല്ലം: ഭർതൃഗൃഹത്തിൽ യുവതിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവിന്റെ സഹോദരി ഭർത്താവ് മുകേഷിനെ വീണ്ടും ചോദ്യം ചെയ്യും. ഇയാളെ വ്യാഴാഴ്ച അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
സഹോദരിയുടെ വീട്ടിൽ പോകുന്ന ദിവസമാണ് വിസ്മയയെ ഭർത്താവ് കിരൺ മർദിക്കുന്നതെന്ന് നേരത്തെ വിസ്മയയുടെ ബന്ധുക്കൾ അന്വേഷണസംഘത്തിന് മൊഴിനൽകിയിരുന്നു.
വിസ്മയുടെ സുഹൃത്തുക്കളിൽനിന്ന് വെള്ളിയാഴ്ച അന്വേഷണസംഘം മൊഴിയെടുത്തേക്കും.
വിസ്മയ തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇനി ആന്തരികാവയവങ്ങളുടെ രസപരിശോധനാഫലം കൂടി വരാനുണ്ട്.
അതോടൊപ്പം പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴികൂടിരേഖപ്പെടുത്തുമെന്നാണ് അന്വേഷണസംഘം പറയുന്നത്.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിലായ കിരണിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
കിരണിന്റെ പേരിലുള്ള ലോക്കറും മുദ്രവച്ചു. വരുംദിവസങ്ങളിലും ലോക്കറിലുള്ള വിസ്മയുടെ ആഭരണങ്ങളും പരിശോധിക്കും. വിസ്മയുടെ മരണത്തിൽ കിരണിന്റെ വീട്ടുകാർക്ക് പങ്കുണ്ടോയെന്നും വിശദമായി അന്വേഷിച്ചുവരികയാണ്.
മാതാപിതാക്കളെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ദക്ഷിണമേഖലാ ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.