അടൂര്‍: വെള്ളം കൊരുന്നതിനടയില് തൊട്ടിയും കയറും കിണറ്റില്‍ പോയത് എടുക്കാനിറങ്ങിയ ആള് കിണറ്റില്‍ വീണു. വീണ ആളിനെ രക്ഷിക്കാനിറങ്ങിയവരും കിണറ്റില്‍ അകപ്പെട്ടു. സംഭവം കണ്ടുനിന്ന യുവതി കുഴഞ്ഞുവീണു.
ഏറത്ത് കൈതമുക്കില്‍ കോട്ടക്കാട്ടുകുഴിയില് വീട്ടില്‍ രാജു (55) തൊട്ടടുത്ത വീട്ടിലെ കിണര്‍ വൃത്തിയാക്കിയ ശേഷം സ്വന്തം വീട്ടിലെത്തി കുളിക്കുന്നതിനായി വെള്ളം കോരുന്നതിനിടയിലാണ് തൊട്ടിയും കയറും കൈയില്‍നിന്നു വഴുതി കിണറ്റില്‍ പോയത്.
അത് എടുക്കുന്നതിനു കിണറ്റിലേക്കു ഇറങ്ങുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണു. ഇന്നലെ രാവിലെ 9.30 ഓടെയാണ് രാജു കിണറ്റിലേക്കു വീണത്.
രാജുവിനെ രക്ഷിക്കാനായി സമീപവാസികളായ കൊച്ചുമോന് (45), അജി (35), സുനില്‍ (30), അനൂപ് (25) എന്നിവര്‍ ഓരോരുത്തരായി കിണറ്റിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വഴുതിവീണു.
ഓടിക്കൂടിയ നാട്ടുകാര്‍ കിണറ്റില്‍ അകപ്പെട്ട ആളുകളെ കരയ്ക്കുനിന്നും കയറിന്റെ സഹായത്തോടെ പുറത്തെടുത്ത് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
സംഭവം കണ്ടു നിന്ന സമീപവാസിയായ സുനിത (36) കുഴഞ്ഞുവീണു. ഇവരെയും പിന്നീട് ആശുപത്രിയിലാക്കി.കിണറ്റിനുള്ളില്‍ ശുദ്ധവായുവിന്റെ കുറവു കാരണമാണ് താഴേക്കിറങ്ങിയവര് കുഴഞ്ഞുവീഴാന്‍ കാരണമെന്നു കരുതുന്നതായി ഫയര്‍ഫോഴ്സ് സംഘം വിലയിരുത്തി.