കൊല്ലം: ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ വിസ്മയ മരിച്ച കേസിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിന്റെ ബാങ്ക് അക്കൗണ്ട് പോലീസ് മരവിപ്പിച്ചു.
വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറും പോലീസ് സീൽ ചെയ്തിട്ടുണ്ട്. വിസ്മയയുടെ കുടുംബം നൽകിയ കാറും സ്വർണവും കേസിലെ തൊണ്ടിമുതലാകുമെന്നാണ് ശൂരനാട് പോലീസ് നൽകുന്ന വിവരം.
അതേസമയം, കേസിൽ കിരണിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്.
നിലവിലെ കേസ് കൂടാതെ കഴിഞ്ഞ ജനുവരിയിൽ വിസ്മയയുടെ വീട്ടിൽവച്ച് കിരൺ മദ്യലഹരിയിൽ വിസ്മയയേയും സഹോദരനേയും മർദിച്ച സംഭവത്തിലും തുടർന്ന് പോലീസിനെ ആക്രമിച്ചതിനും കേസ് എടുത്ത് പുനരന്വേഷണം നടത്തും. അതിനുള്ള നടപടികളും പോലീസ് ആരംഭിച്ചു.
അന്ന് വിസ്മയയേയും സഹോദരനേയും മർദിച്ചശേഷം രക്ഷപെട്ട കിരണിനെ ചടയമംഗലം പോലീസ് പിടികൂടി. സംഭവത്തിൽ എസ്ഐയെ കയ്യേറ്റം ചെയ്തെങ്കിലും കേസെടുത്തിരുന്നില്ല.
മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരെത്തി ഒതുക്കിതീർത്തു. ഈ സംഭവത്തിൽ കേസെടുക്കണമെന്ന് വിസ്മയയുടെ ബന്ധുക്കൾ ഐജിയോട് ആവശ്യപ്പെട്ടതിനെതുടർന്നാണ് അവർ നടപടിയെടുത്തത്.