സ്വന്തം ലേഖകൻ
തൃശൂർ: സംഗീതത്തിനുമുന്പിൽ ശാരീരികവും മാനസികവുമായ കുറവുകൾ ഒന്നൊന്നായി തോറ്റുപിൻമാറുമെന്നു തെളിയിക്കുകയാണ് പൂങ്കുന്നം സ്വദേശി കിരണ്‍. ഒപ്പം, സാധാരണ കുട്ടികളേക്കാൾ ഗ്രഹണ ശക്തിയും ഓർമശക്തിയും ഉണ്ടാക്കാൻ സാധിക്കുമെന്നും കിരണ്‍ കാണിച്ചുതരുന്നു. എല്ലാറ്റിനും തെളിവായി ഇതാ അരങ്ങിലേക്കുമെത്തുകയാണ് കിരണ്‍.
ജനിച്ച് നാലുമാസം പ്രായമായപ്പോൾ പനി ബാധിച്ച് സെറിബ്രൽ പാൾസി ബാധിച്ചു കിടപ്പിലായിരുന്നു തുളവൻപറന്പിൽ അജിത് കുമാറിന്റെയും സജിതയുടെയും മൂത്ത മകനായ കിരണ്‍. നിരന്തരമായ ചികിത്സയിലൂടെ നാലു വയസായപ്പോൾ എഴുന്നേറ്റുനില്ക്കാനും സംസാരിക്കാനും തുടങ്ങി.
പക്ഷേ, കണ്ണിനു കാഴ്ചയുണ്ടായിരുന്നില്ല. നാലു വയസിൽ മുടി മുഴുവൻ കൊഴിഞ്ഞു. നരച്ച മുടി വന്നു. എപ്പോഴും അമ്മയുടെ മടിയിൽ കിടന്ന് വാശിപിടിച്ച് കരഞ്ഞ മകനെ ശാന്തനാക്കാന്‍ സജിത പല വഴികളും നോക്കി. ഒടുവിൽ, പാട്ടുപാടിയാൽ കിരണ്‍ കരച്ചിൽ നിർത്തുന്നതു തിരിച്ചറിഞ്ഞു. അങ്ങനെ മകന്റെ കരച്ചിൽ മാറ്റാനുള്ള ഉപാധിയായി പാട്ടുകൾ. അമ്മയ്ക്കു പാടാൻ പറ്റാത്ത സമയത്തു റേഡിയോയിലെ പാട്ടുകൾ കേൾപ്പിച്ചാലും കരച്ചിൽ മാറുമായിരുന്നു.
അഞ്ചുവയസിൽ കുറ്റൂരുള്ള റീച്ച് സ്വാശ്രയ എന്ന സ്പെഷൽ സ്കൂളിൽ വിട്ടു. സംഗീതത്തോടുള്ള താത്പര്യം കണ്ടെത്തിയ അമ്മ കിരണിനെ മൈലിപ്പാടത്തുള്ള ചേതന സംഗീത നാട്യ അക്കാദമിയിലെത്തിക്കാനുള്ള ആഗ്രഹത്തിലായിരുന്നു. സ്പെഷൽ സ്കൂളിലെ പരിശീലനത്തിനുശേഷം തൃശൂർ മോഡൽ ബോയ്സ് സ്കൂളിൽ പ്ലസ്ടു പഠനം. എഴുതാനും വായിക്കാനും സാധിക്കാത്ത കിരണ്‍ മറ്റുള്ളവരുടെ സഹായത്തോടെ പരീക്ഷകൾ എഴുതി പാസായി.
തുടർന്നു ചേതന മ്യൂസിക് കോളജ് പ്രിൻസിപ്പൽ റവ.ഡോ. പോൾ പൂവ്വത്തിങ്കലിനെ കണ്ട് മകന്റെ പാട്ടിനോടുള്ള താത്പര്യമറിയിക്കുകയും സംഗീതം പഠിക്കാൻ ചേർക്കുകയുമായിരുന്നു. മനോഹരമായ ശബ്ദമാണ് “പാടും പാതിരി’ റവ.ഡോ. പോൾ പൂവ്വത്തിങ്കലിനെ ആകർഷിച്ചത്. തുടർന്ന ക്ലാസുകളിൽ കിരണിന്റെ ഓർമശക്തിയും, കീർത്തനങ്ങളും മറ്റും തെറ്റാതെ പാടാനുള്ള കഴിവും പലപ്പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്ന് അച്ചൻ പറഞ്ഞു.
സംഗീതത്തിനു രോഗങ്ങൾ മാത്രമല്ല, ശാരീരിക, മാനസിക വൈകല്യങ്ങളും മാറ്റാൻ സാധിക്കുമെന്നതു സന്തോഷത്തോടെയാണ് കിരണിലൂടെ നോക്കി കണ്ടുകൊണ്ടിരുന്നത്. ആഴമായ സംഗീത സാധനയിലൂടെയും നിരന്തരമായ കഠിനാധ്വാനത്തിലൂടെയും കിരണ്‍ മാനസിക, ശാരീരിക പരിമിതികളെ ഒന്നൊന്നായി കീഴടക്കി. ശാസ്ത്രീയ സംഗീതവും ലളിത സംഗീതവും കർണാടിക് സംഗീതവും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള സിദ്ധിയും നേടിയെടുത്തു. അമ്മ സജിതയുടെ സഹനശക്തിയും സമർപ്പണവും കിരണിനു സംഗീതവഴിയിലൂടെ സഞ്ചരിക്കാൻ കരുത്തായി.
കഴിഞ്ഞ 12 വർഷമായി ചേതനയിലെ സംഗീത വിദ്യാർഥിയായ കിരണ്‍ സംഗീതത്തിൽ ബിഎ ബിരുദം കരസ്ഥമാക്കിയിരിക്കയാണ്. പ്രധാന അധ്യാപകനായ ദേശമംഗലം നാരായണൻ നന്പൂതിരിപ്പാടിന്റെയും മറ്റ് അധ്യാപകരുടെയും ശിക്ഷണത്തിൽ മദ്രാസ് സർവകലാശാലയിൽനിന്നാണ് ബിഎ ബിരുദം നേടിയത്. ഇത്രയും കുറവുകളുള്ള ഒരു കുട്ടി മറ്റു കുട്ടികളോടൊപ്പം പൊരുതി ബിരുദം നേടുകയും സംഗീതക്കച്ചേരി നടത്തുകയും ചെയ്യുകയെന്നത് അപൂർവമായ സംഭവമാണെന്നു റവ.ഡോ.പോൾ പൂവ്വത്തിങ്കൽ പറഞ്ഞു.
ഈ മാസം 28ന് ഉച്ചകഴിഞ്ഞു മൂന്നിനു ചേതന മ്യൂസിക് കോളജിലാണ് കിരണിന്റെ സംഗീതക്കച്ചേരി അരങ്ങേറ്റം. നിയുക്ത സഹായമെത്രാൻ മോൺ. ടോണി നീലങ്കാവിൽ ഉദ്ഘാടനം നിർവഹിക്കും. ദേവമാത സ്കൂൾ പ്രിൻസിപ്പൽ ഫാ. ഷാജു എടമന അധ്യക്ഷത വഹിക്കും.
പ്രായം ഇരുപതിലെത്തിയെങ്കിലും സംഗീതത്തിന്റെ പടവുകൾ ഇനിയും കയറണമെന്നുതന്നെയാണ് കിരണിന്റെ ആഗ്രഹം. സംഗീതത്തിൽ എംഎയും പിഎച്ച്ഡിയുമെടുക്കുകയാണ് ലക്ഷ്യമെന്നു കിരണ്‍ പറഞ്ഞു. ഇതിനകംതന്നെ സ്റ്റേജ് പരിപാടികളിൽ കെ.എസ്.ചിത്രയോടും മറ്റു പ്രശസ്തരായ ഗായകരോടുമൊപ്പവും, യേശുദാസിന്റെ സാന്നിധ്യത്തിലും കിരണ്‍ പാടിക്കഴിഞ്ഞു.