ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ജീവനക്കാരനെന്ന വ്യാജേന ജമ്മു സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച ആള് അറസ്റ്റില്‍. ഗുജറാത്തില്‍ നിന്നുള്ള കിരണ്‍ പട്ടേലാണ് പിടിയിലായത്.
ന്യൂഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ അഡീഷണല്‍ ഡയറക്ടര്‍ ചമഞ്ഞാണ് ഇയാള്‍ പല സര്‍ക്കാര്‍ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്തത്.
ഇസഡ് പ്ലസ് സെക്യൂരിറ്റി, ബുള്ളറ്റ് പ്രൂഫ് മഹീന്ദ്ര സ്കോര്‍പിയോ എസ്യുവി, പഞ്ചനക്ഷത്ര ഹോട്ടലിലെ ഔദ്യോഗിക താമസസൗകര്യം തുടങ്ങിയവയെല്ലാം ഇയാള്‍ക്ക് ജമ്മു സര്‍ക്കാര്‍ നല്കി.
ഈ വര്‍ഷം തുടക്കത്തില്‍ ശ്രീനഗറിലെത്തിയ കിരണ്‍ ഔദ്യോഗിക ചര്‍ച്ചകളിലും പങ്കെടുത്തതായാണ് വിവരം.
സുരക്ഷാ ജീവനക്കാരോടൊപ്പം ശ്രീനഗറില്‍ നില്‍ക്കുന്നതിന്റെ പല ചിത്രങ്ങളും അര്‍ധ സൈനിക വിഭാഗത്തിനൊപ്പമുള്ള വീഡിയോകളും ഇയാള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
10 ദിവസം മുമ്പാണ് കിരണ്‍ പട്ടേൽ അറസ്റ്റിലായത്. ശ്രീനഗറിലേക്ക് വീണ്ടും യാത്ര ചെയ്യാന്‍ പദ്ധതി ഇട്ടതാണ് ഇയാള്‍ക്ക് വിനയായത്. സിഐഡി വിഭാഗം ഇയാള്‍ വ്യാജനെന്ന് കണ്ടെത്തുകയായിരുന്നു.
കിരണിന്റെ അറസ്റ്റ് പോലീസ് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. എന്നാല്‍ വ്യാഴാഴ്ച ശ്രീനഗറിലെ പ്രാദേശിക കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണ് അറസ്റ്റിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്.
ആള്‍മാറാട്ടം നേരത്തെ തിരിച്ചറിയുന്നതില്‍ വീഴ്ച സംഭവിച്ച ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്ക്കെതിരേ ജമ്മു ഭരണകൂടം നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്ത് പോലീസും ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിട്ടുണ്ട്.