മാഹി: മാഹിയെക്കുറിച്ച് വലിയ സ്വപ്നങ്ങൾ കാണാൻ കുട്ടികൾക്കു കഴിയണമെന്ന് ലഫ്. ഗവർണർ കിരൺ ബേദി വിദ്യാർഥികളോട്പറഞ്ഞു. മാഹി മേഖലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർഥികളുമായി മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടന്ന മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
നിങ്ങളുടെ സ്വപ്നങ്ങളിലെ മാഹിയെക്കുറിച്ച് ഉപന്യാസമെഴുതണമെന്ന് ഗവർണർ വിദ്യാർഥികളോട് നിർദേശിച്ചു. തന്റെ കുട്ടിക്കാലവും വിദ്യാർഥി ജീവിതവും അനുഭവങ്ങളും ഗവർണർ പങ്കുവച്ചു.ഡോ. വി. രാമചന്ദ്രൻ എംഎൽഎ, അഡ്മിനിസ്ട്രേറ്റർ എസ്. മാണിക്ക ദീപൻ, ഗവണറുടെ പിഎ ശ്രീധർ, കമ്മീഷണർ അമൻ ശർമ എന്നിവർ പങ്കെടുത്തു.
മാഹി ഗവ. ഹൗസിൽ വച്ചു നടത്തിയ പൊതുജനങ്ങളുമായുള്ള മുഖാമുഖത്തിൽ ലഫ്. ഗവർണർക്കു മുന്നിൽ പൊതുജനങ്ങളുടെ പരാതി പ്രളയമായിരുന്നു. വ്യക്തികളും വിവിധ സംഘടനകളും രാഷ്ടീയ പാർട്ടികളും കോളജ് വിദ്യാർഥികളും പരാതി നൽകിയവരിൽപെടും.52 പരാതികളാണ് ലഭിച്ചത്. പരാതികൾ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അവർ ഉറപ്പു നൽകി.
മാഹിയിലെ വിവിധ സർക്കാർ വകുപ്പ് മേധാവികളുമായും കിരൺബേദി ചർച്ച നടത്തി. പുതുതായി നിർമിക്കുന്ന സർക്കാർ കെട്ടിടങ്ങളിൽ സൗരോർജ സംവിധാനങ്ങൾ ഒരുക്കണമെന്ന് അവർ നിർദേശിച്ചു. പുഴയോര നടപ്പാത എപ്പോഴും ശുചിയായി സൂക്ഷിക്കണമെന്നും നടപ്പാതയുടെ രണ്ടറ്റത്തും ശൗചാലയം സ്ഥാപിക്കണമെന്നും പുതുച്ചേരിയിലേതു പോലെ നടപ്പാതയിലും ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തണമെന്നും ഗവർണർ നിർദേശിച്ചു.
മാഹിയുടെ ചരിത്രത്തിന്റെ അവിഭാജ്യഘടകമായ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസ് പ്രവർത്തിക്കുന്ന മൂപ്പൻ സായിവിന്റെ കുന്നുമ്മലിൽ (ഹില്ലോക്കിൽ) അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി വിദ്യാർഥികൾക്ക് പ്രയോജനപ്രദമായ പരിപാടികളും വിദ്യാഭ്യാസ സംബന്ധമായ മത്സരങ്ങളും നടത്തണമെന്നും നിർദേശിച്ചു.രാവിലെ നടന്ന സൈക്കിൾ റൈഡിംഗിലും ഗവർണർ പങ്കെടുത്തു.