വെങ്കിടങ്ങ്: ഒരു രാത്രി വെളുത്തപ്പോൾ കിണറിലെ വെള്ളം മാറി മറഞ്ഞു. കെട്ടുങ്ങൽ കോഞ്ചിറ റോഡിൽ ഇരിന്പ്രനെല്ലൂർ കാർത്ത്യായനി ക്ഷേത്രത്തിന് സമീപം രായംമരക്കാർ സെയ്തുമോന്റെ വീട്ടുമുറ്റത്തെ കിണറാണ് വറ്റിയത്. ആറുമാസം മുന്‍പ് നിലവിലുള്ള പഴയ കിണർ മാറ്റി പുതുതായി ഏഴ് കോലിന്റെ ഒന്‍പത് റിംഗുള്ള കിണർ നിർമിച്ചത്.
ആസമയത്ത് തന്നെ കിണറിൽ ആവശ്യത്തിനു വെള്ളം ഉണ്ടായിരുന്നു. ഇപ്പോൾ മഴപെയ്തപ്പോൾ ഏഴ് റിംഗ് വെള്ളം ബുധനാഴ്ച രാത്രി വരെ ഉണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ കിണറിലെ മോട്ടോർ ഓണ്‍ ചെയ്തിട്ടും വെള്ളം വരാത്തതിനാൽ പരിശോധിച്ചപ്പോഴാണ് കിണർ വറ്റിയത് കണ്ടത്. ഒരു കാലത്തും വറ്റാത്ത കിണറാണിതെന്ന് വീട്ടുകാർ പറഞ്ഞു.
വെള്ളത്തിന് അടുത്ത വീട്ടുകാരെ ആശ്രയിച്ചിരിക്കുകയാണ്. സംഭവമറിഞ്ഞ് വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രതി എം ശങ്കർ, വൈസ് പ്രസിഡന്റ് കെ. വി.മനോഹരൻ, വാർഡ് അംഗവും ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ കെ.വി.വേലുകുട്ടി, രത്നവല്ലി സുരേന്ദ്രൻ, അപ്പു ചീരോത്ത്, ഗ്രേസി ജേക്കബ്, ഷൈലജ മധു, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ മഹേഷ് എന്നിവരും സന്ദർശിച്ചു. കിണർ കാണാൻ നാട്ടുകാരും എത്തുന്നുണ്ട്.