കീരിടത്തിലെ കഥാപാത്രം ചെയ്യാൻ തിലകൻ ആദ്യം തയാറായിരുന്നില്ലെന്നു സംവിധായകൻ സിബി മലയിൽ.
അതേപ്പറ്റി സിബി മലയിൽ ഒരിക്കൽ പറഞ്ഞതിങ്ങനെ – കഥ എഴുതി തീർന്നപ്പോൾ തന്നെ ഈ വേഷം തിലകൻ ചേട്ടൻ ചെയ്യണമെന്ന് തന്നെയായിരുന്നു ഞങ്ങളുടെ ആഗ്രഹം. ലാലിന്റെ ഡേറ്റ് കിട്ടി.
അങ്ങനെ തിലകൻ ചേട്ടന്റെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. അദ്ദേഹം ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. അയ്യോ ഞാൻ ഇല്ല, ഇപ്പോൾ എനിക്ക് രണ്ട് പടങ്ങളുണ്ട്.
ചാണക്യനും വർണവും. അത് തിരുവനന്തപുരത്താണ്. നിങ്ങൾ അവിടെ ഷൂട്ട് ചെയ്യുകയാണെങ്കിൽ ഞാൻ ചെയ്യാമെന്നും തിലകൻ ചേട്ടൻ പറഞ്ഞു.
പാലക്കാട് നെന്മാറയിലായിരുന്നു കീരിടത്തിന്റെ ക്ലൈമാക്സിന്റെ ലൊക്കേഷൻ ഞാൻ കണ്ടിരുന്നത്. പാലക്കാടൊന്നും വരാൻ പറ്റില്ല. തിരുവനന്തപുരത്താണെങ്കിൽ മാത്രം ചെയ്യാമെന്ന് തിലകൻ ചേട്ടൻ പറഞ്ഞു.
അതു കൂടാതെ കമ്മിറ്റ് ചെയ്ത രണ്ട് സിനിമകൾക്ക് ഇടയ്ക്ക് സമയം ഉണ്ടെങ്കിൽ മാത്രമാണ് ഈ സിനിമയ്ക്ക് വേണ്ടി താൻ വരൂ എന്നും അദ്ദേഹം പറഞ്ഞു. അതിന് കുഴപ്പമില്ലെന്നും ചേട്ടനില്ലെങ്കിൽ ഈ സിനിമ നടക്കില്ലെന്നുമായിരുന്നു ഞാൻ മറുപടിയായി പറഞ്ഞത്.
അങ്ങനെ അദ്ദേഹം കഥ കേട്ടു, ഇഷ്ടമായി. സിനിമയുടെ ചിത്രീകരണം തുടങ്ങി. തിലകൻ ചേട്ടൻ ഇടയ്ക്ക് വരും. ഒരു മണിക്കൂർ ഷൂട്ട് ചെയ്ത് മടങ്ങും. പക്ഷെ തിലകൻ ചേട്ടൻ ഈ സിനിമയ്ക്ക് വേണ്ടി വളരെ കമ്മിറ്റഡ് ആയി നിന്നു.
മറ്റ് സിനിമകളുടെ സെറ്റിൽ നിന്നും അദ്ദേഹം നേരത്തെ തന്നെ ലാൻഡ് ഫോണിൽ നിന്നു വിളിക്കും. ഒരു മണിക്കൂറിനുള്ളിൽ ഫ്രീയാകും. വണ്ടി വേഗം വിട്ടോളു എന്ന് പറയും. ഇപ്പോൾ മിമിക്രിക്കാരൊക്കെ അനുകരിക്കുന്ന ഡയലോഗ് ഇല്ലേ. ’കത്തി താഴെയിടടാ’ എന്നത്.
ആ സീൻ ആദ്യം എടുക്കുന്പോൾ തിലകൻ ചേട്ടൻ ഇല്ല. ആ ഫൈറ്റിന്റെ അവസാനമാണല്ലോ തിലകൻ ചേട്ടൻ വരുന്നത്. രാവിലെ മുതൽ മോഹൻലാലും കീരിക്കാടൻ ജോസും തമ്മിലുള്ള ഫൈറ്റ് ആണ് ഷൂട്ട് ചെയ്യുന്നത്.
വൈകിട്ട് മൂന്ന് മണിയായപ്പോൾ നിർമാതാവിനെ വിളിച്ച് പറഞ്ഞു. ഉടൻ തന്നെ തിലകൻ ചേട്ടനെ എനിക്ക് കിട്ടണമെന്ന്. കിരീടം ഷൂട്ട് നടക്കുന്നത് ആര്യനാട് ആണ്.
വർണത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത് വഞ്ചിയൂരും. അന്ന് വിളിച്ച് പറയാൻ മൊബൈൽ ഫോണ് ഒന്നുമില്ല. കിരീടം ഉണ്ണിയോട് ഞാൻ പറഞ്ഞു, വണ്ടിയുമായി അവിടെ കിടന്നോളാൻ.
അവിടെയാണെങ്കിൽ തിലകൻ ചേട്ടനെ സെറ്റിൽ നിന്നു വിടുന്നുമില്ല. വർക്ക് തീരാനുണ്ടെന്നാണ് നിർമാതാക്കൾ പറയുന്നത്. കിരീടത്തിന്റെ ഷൂട്ടിംഗ് അന്ന് തീരുകയുമാണ്.
ഷൂട്ടിംഗ് നടക്കുന്ന കവലയുടെ അടുത്തുള്ള ഫോണ് ബൂത്തിലേക്കാണ് വിളി വരുന്നത്. അതും നോക്കി പ്രൊഡക്ഷൻ കണ്ട്രോളർ ഷണ്മുഖൻ അണ്ണൻ അവിടെ നിൽക്കും.
അവിടേക്കു കിരീടം ഉണ്ണി മറ്റൊരു ബൂത്തിൽ വിളിക്കും. അവസാനം തിലകൻ ചേട്ടൻ അവരോട് പറഞ്ഞു, ഇനി നിങ്ങൾ എന്നെ വിട്ടില്ലെങ്കിൽ ഞാൻ പോകുമെന്ന്.
അങ്ങനെ നാല് മണിക്ക് അദ്ദേഹം അവിടെ നിന്നു തിരിച്ചു. രണ്ട് വണ്ടിയാണ് തിലകൻ ചേട്ടനെ കൊണ്ടുവരാൻ വേണ്ടി വിട്ടത്. അഞ്ച് മണിയായപ്പോൾ സെറ്റിലെത്തി. ചെറിയ ചാറ്റൽ മഴയുണ്ട്. ആ രംഗത്തിൽ നിങ്ങൾക്കത് കാണാം.
പെട്ടെന്ന് തന്നെ അടുത്തുള്ളൊരു വീട്ടിൽ കയറി തിലകൻ ചേട്ടന് മേക്കപ്പിട്ടു. ശരിക്കും ആ സിനിമയുടെ അവസാന ഷോട്ട്, ടോപ്പ് ആംഗിളിൽ നിന്നെടുത്തത് ലൈറ്റ് ഇല്ലാതിരുന്നത് കൊണ്ടാണ്. പക്ഷെ അത് നന്നാകുകയും ചെയ്തു.
തിലകൻ ചേട്ടൻ ആ കഥാപാത്രം ചെയ്തിരുന്നില്ലെങ്കിൽ കിരീടത്തിന്റെ ഗതി തന്നെ മാറിപ്പോയേനെ- സിബി മലയിൽ പറയുന്നു.
-പിജി