നേമം : മോഹൻലാൽ നായകനായ കിരീടം എന്ന സിനിമയിലൂടെ പ്രശസ്തമായ വെള്ളായണിയിലെ പാലത്തിന് പുനർജനി. സിനിമ- സീരിയൽ നിർമ്മാതാക്കളുടെ ഇഷ്ട ലൊക്കേഷനാണ് വെള്ളായണി കായലിൻ തീരത്തുള്ള ഈ സ്ഥലം. പൊട്ടിപൊളിഞ്ഞ് കൈവരികളുമായി തകർന്നു കിടന്ന കീരിടം പാലം ഇറിഗേഷന്റെ രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരിക്കുന്നത്. പുതിയ കൈവരികൾ നിർമ്മിച്ച് പണിഅന്തിമഘട്ടത്തിലാണ്.
ഇരുപ്പത്തിയഞ്ചുവർഷങ്ങൾക്ക് മുന്പാണ് കിരീടം എന്ന സിനിമ റിലീസായത്. വെള്ളായണി കായലിനോട് ചേർന്ന കന്നുകാലി ചാലിന് കുറുകെയാണ് ഈ പാലം. സിനിമയിലെ സൂപ്പർഹിറ്റായ കണ്ണീർ പൂവിന്റെ കവിളിൽ തലോടി …… എന്ന ഗാനരംഗത്തിലുൾപ്പടെ കീരിടം സിനിമയുടെ പല രംഗങ്ങളിലും ഈ പാലവും പരിസര പ്രദേശങ്ങളും ചിത്രീകരിച്ചിട്ടുണ്ട്.
പാട്ടുസീനിൽ മോഹൻലാലും ശ്രീനാഥും പാലത്തിലിരിക്കുന്ന രംഗവുമുണ്ട്. ഈ സിനിമയ്ക്ക് ശേഷമാണ് പാലം കിരീടം പാലം എന്നറിയപ്പെട്ട് തുടങ്ങിയത്. വർഷങ്ങൾ പലത് കഴിഞ്ഞെങ്കിലും കീരിടം ഇന്നും മലയാളത്തിലെ മികച്ച സിനിമകളിലൊന്നായി നിലനിൽക്കുന്നു.
പുതിയ പാലം വന്നതോടെയാണ് കിരീടം പാലം സംരക്ഷണമില്ലാതെ ഇത്രയും നാൾ കിടന്നത്. ഇതിനിടയിൽ കോവളം എം.എൽ.എ. എം.വിൻസെന്റിന്റെ നേതൃത്വത്തിൽ സാംസ്കാരിക- സാമൂഹിക രംഗത്തുള്ളവരും ചേർന്നാണ് പാലം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യചങ്ങല തീർത്തത്.
കീരിടം പാലം നവീകരണം നീണ്ടതോടെ പൊതുപ്രവർത്തകനും വിമുക്തഭടനുമായ ശാന്തിവിള പദ്മകുമാർ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയതോടെയാണ് പാലം നവീകരിക്കാൻ ശ്രമങ്ങൾ തുടങ്ങിയത്. എം.വിൻസെന്റ് എം.എൽ.എയും സുരേഷ്ഗോപി എം.പിയും പാലം പുതുക്കി നിർമ്മിക്കുന്നതിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
പാലം പുതുക്കി നിർമ്മിക്കുന്പോൾ മലയാള സിനിമയുടെ പെരുംതച്ചനായ തിലകന്റെ സ്മരണയ്ക്കായി പ്രതിമയും സ്ഥാപിക്കുമെന്നാണ് എം.എൽ.എയുടെ വാഗ്ദാനം. കിരീടം പാലം കാണാനും പക്ഷി നിരീക്ഷണത്തിനും അപൂർവ്വയിനം പക്ഷികളുടെ ചിത്രങ്ങളെടുക്കുന്നതിനുമായി നിരവധി പേരാണ് ഇവിടെ എത്താറുള്ളത്. കായലിന്റെ തീരമായതിനാൽ കാറ്റു കൊള്ളാനും വെള്ളായണി കായലിന്റെ സൗന്ദര്യം ആസ്വദിക്കാനുമായി എത്തുന്നവരുമുണ്ട്.